കീശയില്‍ നിന്ന്‌ 500 മുടക്കുന്ന ഭാഗ്യവാന്‌ ഇത്തവണത്തെ ഓണം ബമ്പര്‍ അടിച്ചാല്‍ കിട്ടുന്നത്‌ 25 കോടി രൂപ !

0

കീശയില്‍ നിന്ന്‌ 500 മുടക്കുന്ന ഭാഗ്യവാന്‌ ഇത്തവണത്തെ ഓണം ബമ്പര്‍ അടിച്ചാല്‍ കിട്ടുന്നത്‌ 25 കോടി രൂപ !. ഇതില്‍ 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ്‌ കൈയ്യില്‍ കിട്ടുന്നത്‌ 15.75 കോടി രൂപയാണ്‌. സംസ്‌ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്‌.
ഓണം ബമ്പര്‍ 25 കോടി രൂപ നല്‍കാനുള്ള ലോട്ടറി ഡയറക്‌ടറേറ്റിന്റെ ശിപാര്‍ശ സംസ്‌ഥാന സര്‍ക്കാര്‍ അംഗീകരിച്ച്‌ വിജ്‌ഞാപനമിറക്കിയതോടെയാണ്‌ ലോട്ടറി ചരിത്രത്തില്‍ സംസ്‌ഥാനം പുതുചരിതമെഴുതുന്നത്‌.
ചരിത്രത്തിലാദ്യമായാണ്‌ 12 കോടിരൂപയ്‌ക്ക്‌ മുകളിലുള്ള സമ്മാനം ലോട്ടറി വകുപ്പ്‌ പരിഗണിക്കുന്നത്‌. പക്ഷേ ടിക്കറ്റ്‌ കിട്ടാന്‍ രൂപാ 500 മുടക്കണം. രണ്ടാം സമ്മാനമായി അഞ്ച്‌ കോടി രൂപ, മൂന്നാം സമ്മാനമായി ഒരു കോടിരൂപ വീതം 10 പേര്‍ക്ക്‌ എന്നിങ്ങനെ നിരവധി കോടീശ്വരന്‍മാര്‍ ഉണ്ടാകുമെന്നതിനാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പ്പനക്കാകും സാക്ഷ്യം വഹിക്കുകയെന്ന പ്രതീക്ഷയിലാണ്‌ ലോട്ടറി വകുപ്പും.
18-നു വില്‍പ്പന ആരംഭിക്കും. 90 ലക്ഷം വരെ ടിക്കറ്റ്‌ അച്ചടിക്കാനുള്ള സംവിധാനമുണ്ട്‌. 25, 28, 50 കോടി രൂപയുടെ സമ്മാനത്തുകകളുള്ള ടിക്കറ്റുകളാണ്‌ ലോട്ടറി വകുപ്പ്‌ ധനവകുപ്പിനോട്‌ ശിപാര്‍ശ ചെയ്‌തത്‌. ഇതില്‍ 25 കോടിരൂപയുടെ ടിക്കറ്റാണ്‌ സര്‍ക്കാര്‍ അംഗീകരിച്ചത്‌. കഴിഞ്ഞ തവണ ഓണം ബമ്പറിന്റെ 54 ലക്ഷം ടിക്കറ്റുകളാണ്‌ വിറ്റത്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി 12 കോടി രൂപയാണ്‌ ഓണം ബമ്പറിന്റെ സമ്മാനത്തുക. 300 രൂപയായിരുന്നു ടിക്കറ്റ്‌ വില.

LEAVE A REPLY

Please enter your comment!
Please enter your name here