ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആൾക്കൂട്ടമർദനത്തിനിരയാക്കിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ

0

കോഴിക്കോട്: ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആൾക്കൂട്ടമർദനത്തിനിരയാക്കിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. എസ്.ഡി.പി.ഐ പ്രവർത്തകൻ മൂടാട്ടുകണ്ടി സഫീറാണ് പൊലീസ് പിടിയിലായത്. നേരത്തെ ഒമ്പതു പേർ അറസ്റ്റിലായിരുന്നു.
ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെയാണ് ആൾക്കൂട്ടം ക്രൂരമായ ആക്രമണത്തിന് വിധേയനാക്കിയത്. എസ്. ഡി.പി.ഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ജിഷ്ണുവിനെ ആൾക്കൂട്ടം മർദിച്ചത്. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ ഒമ്പതുപേരുടെയും ജാമ്യാപേക്ഷ ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ തള്ളിയത്.

ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിലാണ് ജിഷ്ണുവിനെ 30 ഓളം പേർ വളഞ്ഞിട്ടാക്രമിച്ചത്. പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. തുടർന്ന് വെള്ളത്തിൽ മുക്കി കൊല്ലാനും ശ്രമിച്ചു. രണ്ട് മണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്. പ്രതികൾക്കെതിരെ വധശ്രമത്തിനുൾപ്പെടെ കേസെടുത്തിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here