ഭരണഘടനാ ലംഘന പരാമർശം നടത്തിയതിന്റെ പേരിൽ രാജിവെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ പറയുമ്പോഴും നിലപാട് വ്യക്തമാക്കാതെ സി.പി.എം കേന്ദ്ര നേതൃത്വം

0

ന്യൂഡൽഹി: ഭരണഘടനാ ലംഘന പരാമർശം നടത്തിയതിന്റെ പേരിൽ രാജിവെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ പറയുമ്പോഴും നിലപാട് വ്യക്തമാക്കാതെ സി.പി.എം കേന്ദ്ര നേതൃത്വം. വിവാദത്തിൽ രാജിവെക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കേരള നേതാക്കൾ യോഗംചേർന്ന് തീരുമാനമെടുക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഉചിതമായ തീരുമാനമെടുക്കും, വിഷയം ചർച്ചചെയ്യുകയാണെന്നും നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി. സജിചെറിയാൻ വിവാദ പരാമർശം നടത്തിയത് ദേശീയ തലത്തിൽ തന്നെ ഇന്നലെ വലിയ ചർച്ചയായതോടെ പാർട്ടി പ്രതിസന്ധിയിലായിരുന്നു. കോൺഗ്രസിന്റെ ദേശീയ നേതാക്കളും ദേശീയ മാധ്യമങ്ങളും മറ്റ് സംഘടനകളും വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സജി ചെറിയാനെതിരേ നടപടിയുണ്ടാവുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്.

ബുധനാഴ്ച ചേർന്ന അവെയ്ലബിൾ സെക്രട്ടേറിയറ്റിന് ശേഷം രാജിയില്ലെന്നും വിഷയം ഇന്നലെ തന്നെ അവസാനിച്ചുവെന്നും സജിചെറിയാൻ വ്യക്തമാക്കിയിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം നടപടിക്കായി കേരള നേതൃത്വത്തിൽ സമ്മർദം ചെലുത്തുന്നുണ്ടെന്നാണ് സൂചന. നാളെയാണ് സി.പി.എം സമ്പൂർണ സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. ഇതിൽ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.

നാളെ ചേരുന്ന സെക്രട്ടേറിയറ്റ് യോഗവും സജി ചെറിയാൻ രാജിവെക്കേണ്ട എന്ന നിലപാടിലേക്കാണ് പോകുന്നതെങ്കിൽ നിയപരമായി തന്നെ നേരിടാനാണ് പ്രതിപക്ഷം ലക്ഷ്യമിട്ടിരിക്കുന്നത്. അങ്ങനെ വന്നാൽ അത് പാർട്ടിക്ക് തിരിച്ചടിയാവാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യം സി.പി.എമ്മിലെ ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here