തിരുവനന്തപുരം: സജി ചെറിയാൻ എംഎൽഎയ്ക്കെതിരെ കേസ്. ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചതിനാണ് നടപടി.
ഭരണഘടനയെ അവഹേളിച്ചെന്ന കുറ്റം ചുമത്തി കീഴ്വായ്പൂർ പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പരമാവധി മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.
മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിന് നിർദേശം നൽകിയിരുന്നു.
കോടതി നിർദേശിച്ചാൽ 24 മണിക്കൂറിനുള്ളിൽ കേസടുക്കണം. അതിനാലാണ് പോലീസ് ഇന്ന് തന്നെ കേസെടുത്തത്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു കീഴ്വായ്പൂർ പോലീസിന്റെ നടപടി. വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണിത്