സി.പി.എം. വാദം നിഷേധിച്ച് കോണ്‍ഗ്രസ്; അന്വേഷണം ബി.ജെ.പിയിലേക്കും

0

എ.കെ.ജി. സെന്ററിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞതു കോണ്‍ഗ്രസാണെന്ന് അന്വേഷണം തുടങ്ങുന്നതിനു മുമ്പേ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ആരോപിച്ചതു രാഷ്ട്രീയ വിവാദമായി. ആക്രമണവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വ്യക്തമാക്കിയെങ്കിലും സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന പ്രചാരണം ഇടതുക്യാമ്പുകള്‍ തുടരുകയാണ്.
ഇന്നലെ രാവിലെ സി.പി.എം സെക്രട്ടേറിയറ്റ് യോഗം ചേരുകയും സംഭവത്തെ അപലപിക്കുകയും ചെയ്തു. സംയമനംപാലിക്കണമെന്നും അക്രമങ്ങളിലേക്ക് തിരിയരുതെന്നും പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രാവിലെ തന്നെ മുഖ്യമന്ത്രി എ.കെ.ജി. സെന്ററിലെത്തിയിരുന്നു.
രാഹൂല്‍ ഗാന്ധിയുടെ ഓഫീസിലെ എസ്.എഫ്.ഐ. ആക്രമണത്തോടെ പ്രതിരോധത്തിലായ സി.പി.എം. നടത്തിയ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം. രാഹുല്‍ കേരളത്തിലെത്തുന്നതിന്റെ വാര്‍ത്താപ്രാധാന്യം കുറയുന്ന തരത്തില്‍ ഇങ്ങനെയൊരു സംഭവം ആസൂത്രണം ചെയ്യത്തക്ക വിധം വിഡ്ഢികളല്ല തങ്ങളെന്നും അവര്‍ പറയുന്നു.
അതേസമയം, രാഹുലിന്റെ ഓഫീസിനു നേരേയുണ്ടായ ആക്രമണത്തിനുള്ള പ്രതികാരമാണിതെന്നാണ് സി.പി.എമ്മിന്റെ വാദം. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങള്‍ ഉയര്‍ന്നതുമുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ പങ്ക് വ്യക്തമാകുമെന്നും അവര്‍ പറയുന്നു.
അതേസമയം, സംഭവത്തിനു പിന്നില്‍ മറ്റു സംഘടനകളാകാനുള്ള സാധ്യത സി.പി.എം. കുറച്ചുകാണുന്നില്ല. ബി.ജെ.പി. സംസ്ഥാന ഓഫീസ് ആക്രമണക്കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി കോടതി പരിഗണിച്ച ദിവസം തന്നെയുണ്ടായ ആക്രമണത്തില്‍ അവരുടെ പങ്ക് തള്ളിക്കളയാനാകില്ലെന്നു സി.പി.എം. നേതാക്കള്‍ രഹസ്യമായി പറയുന്നുണ്ട്.
കുറേനാളുകളായി സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നതുകൊണ്ട് എസ്.ഡി.പി.ഐക്കു സി.പി.എമ്മിനോട് കടുത്ത എതിര്‍പ്പുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here