ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തില്‍ നടപടി

0

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തില്‍ നടപടി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോ രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഫര്‍സീന്‍ മജീദിനും നവീന്‍കുമാറിനുമാണ് വിലക്ക് യൂത്ത് കോണ്‍ഗ്രസുകാരെ വിമാനത്തില്‍ തള്ളിമാറ്റിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ മൂന്നാഴ്ചത്തേക്കാണ് വിലക്കിയത്. ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്ക് വിലക്ക് ബാധകമാണ്.

ഇന്‍ഡിഗോ വിമാനക്കമ്പനി നടത്തിയ ഇന്റേണല്‍ കമ്മീഷന്‍ അന്വേഷത്തിന് ശേഷമാണ് ഏവിയേഷന്‍ റൂള്‍സ് പ്രകാരം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

വിമാനത്തിലുണ്ടായ നടപടിയില്‍ ഇ.പി ജയരാജനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സിനും ഹൈബി ഈഡന്‍ എം.പി കത്ത് നല്‍കിയിരുന്നു.

വിലക്ക അറിയിപ്പ് ലഭിച്ചുവെന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദ് അറിയിച്ചു. ഇ.പി ജയരാജനെതിരെ പോലീസ് കേസെടുത്തില്ലെങ്കിലും സത്യം പുറത്തുവന്നു. നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഫര്‍സീന്‍ പറഞ്ഞു.

എന്നാല്‍ വിലക്കിയ അറിയിപ്പ് ലഭിച്ചില്ലെന്ന് ഇ.പി ജയരാജന്‍ പറയുന്നു. ഇന്‍ഡിഗോ കമ്പനി നല്‍കിയ കത്തില്‍ വിശദീകരണം നല്‍കിയിരുന്നുവെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

അതേസമയം, വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എസ് ശബരിനാഥനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. വിമാനത്തില്‍ പ്രതിഷേധിക്കാന്‍ നിര്‍ദേശം നല്‍കിയത് ശബരിനാഥനാണെന്ന് വിവരം ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. നാളെ രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് കാണിച്ച് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ശബരിനാഥന് നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും പോലീസിന്റെ ചോദ്യത്തിന് മറുപടി നല്‍കുമെന്നും ശബരിനാഥന്‍ വ്യക്തമാക്കി. പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പ്രതിഷേധ സമരത്തെ കലാപശ്രമമാക്കാന്‍ ശ്രമിക്കേണ്ടെന്നും ശബരിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

വിമാനത്തിലെ പ്രതിഷേധം എന്നതിനപ്പുറം മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന നിലയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആശയം മുന്നോട്ട്വച്ചത് ശബരിനാഥനാണെന്ന് പോലീസ് പറയുന്നു. അന്നേ ദിവസം രാവിലെ യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍ ശബരിനാഥന്‍ വിമാനത്തിലെ പ്രതിഷേധത്തെ കുറിച്ച് പോസ്റ്റിട്ടിരുന്നു. വിമാനത്തില്‍ കരിങ്കൊടി കാണിച്ചാല്‍ ഇറക്കി വിടാന്‍ ആര്‍ക്കും കഴിയില്ലല്ലോ എന്നായിരുന്നു ശബരിനാഥ​ന്റെ പോസ്റ്റ്. ഇത് ഗ്രൂപ്പില്‍ ചര്‍ച്ചയാകുകയും ഗൂഢാലോചനയുടെ ഭാഗമായി മൂന്ന് പ്രവര്‍ത്തകര്‍ ടിക്കറ്റ് എടുത്ത് വിമാനത്തില്‍ കയറുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

ശബരിനാഥനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ ഇ.പി ജയരാജനെതിരെ കേസെടുത്ത് ചോദ്യം ചെയ്യണമെന്നും അറസ്റ്റു ചെയ്യണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് പ്രതിഷേധമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍കുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോള്‍ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോണ്‍ഗ്രസ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here