വി ഡി സതീശൻ ക്യാപ്റ്റൻ ‘ഒറിജിനൽ’; തൃക്കാക്കരയിൽ ആടിയുലയാത്തത് യുഡിഎഫ് എന്ന കപ്പൽ; ഏത് സാഹചര്യത്തിലും തൃക്കാക്കര തങ്ങളെ കൈവിടില്ലെന്ന കോൺഗ്രസിന്റെ അടിയുറച്ച വിശ്വാസം വീണ്ടും തെളിയിക്കപ്പെടുമ്പോൾ..

0

കൊച്ചി: തൃക്കാക്കരയിൽ അടിയുലയാത്തത് യുഡിഎഫ് എന്ന കപ്പൽ. മണ്ഡലം രൂപീകൃതമായി ഇതുവരെ യുഡിഎഫിനൊപ്പം നിന്ന ചരിത്രമാണ് തൃക്കാക്കരയ്ക്കുള്ളത്. ആ ചരിത്രം തന്നെയാണ് വീണ്ടും ആവർത്തിക്കുന്നത്. ഇതുവരെ തൃക്കാക്കര തങ്ങളെ കൈവിട്ടിട്ടില്ല എന്ന കോൺഗ്രസിന്റെ ആത്മവിശ്വാസം വെറുതെയായില്ലെന്ന് വ്യക്തമായിരിക്കുകയാണ്. മണ്ഡലം രൂപീകൃതമായ ശേഷം ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലമാണ് യുഡിഎഫിന്റെ അവരുടെ ആത്മവിശ്വാസം കൂട്ടിയത്. ഏതൊരു പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും മണ്ഡലം തങ്ങളെ കൈവിടില്ലെന്ന അടിയുറച്ച വിശ്വാസം വീണ്ടും തൃക്കാക്കര തെളിയിക്കുകയാണ്.

ക്യാപ്റ്റൻ ഒറിജിനൽ എന്ന വിളിപ്പേരും വി ഡി സതീശന് ലഭിച്ചുകഴിഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസ് വൻ ഭൂരിപക്ഷം നേടിയിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പ്രശംസിച്ചാണ് ഹൈബി ഈഡൻറെ ഫേസ്ബുക്ക് പോസ്റ്റ്. ‘പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്… ക്യാപ്റ്റൻ (ഒറിജിനൽ)’ എന്നാണ് ഹൈബി ഫേസ്ബുക്കിൽ കുറിച്ചത്.

വിജയം പ്രതീക്ഷിച്ച ഇടതുപക്ഷത്തിന് അപ്രതീക്ഷിതമായാണ് വൻ തോൽവി ഏറ്റുവാങ്ങേണ്ടിവരുന്നത്. ഒരു ബൂത്തിൽ പോലും മുന്നിലെത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല എന്നതാണ് അവരുടെ തോൽവിയുടെ തീവ്രത കൂട്ടുന്നത്. മുഖ്യമന്ത്രിയും എംഎൽഎമാരും എംപിമാരും വരെ തമ്പടിച്ച് ക്യാമ്പയിൻ നടത്തിയിട്ടും വലിയ ലീഡോട് കൂടിയാണ് ഉമാ തോമസ് മുന്നേറുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ജനങ്ങൾ നൽകുന്ന സമ്മാനമായി ഇടതുപക്ഷം തോൽവി ഏറ്റുവാങ്ങുകയാണ്.

തൃക്കാക്കരയിലും ചെങ്കൊടി പാറിച്ച് സ്വെഞ്ചറി അടിക്കാമെന്ന പിണറായിയുടെ സ്വപ്നങ്ങളെല്ലാം ഇതോടെ ചവിട്ടി മെതിക്കപ്പെടുകയാണ്. 100 തികയ്ക്കാതെ എൽഡിഎഫ് 99ൽ ഒതുങ്ങുമെന്ന് ഉറപ്പായി. 99 നോട്ട് ഔട്ട് ആണെങ്കിലും ഇതുവരെയുള്ള ഭരണ വിലയിരുത്തലായി തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മാറുന്നതോടെ പിണറായിയുടെ തോൽവി തന്നെയാണ് വ്യക്തമാകുന്നത്.

ഉമ തോമസ് പരാജയപ്പെട്ടാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്നും വിജയിച്ചാൽ അത് കൂട്ടായ്മയുടെ വിജയം ആണെന്നും പറഞ്ഞ വി ഡി സതീശൻ ആണ് ഇപ്പോൾ ഫലം പുറത്തുവരുമ്പോൾ യഥാർത്ഥ ഹീറോ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി ടി തോമസിന് കിട്ടിയതിലും ഭൂരിപക്ഷമാണ് ഉമാ തോമസിന് ലഭിച്ചുകൊണ്ടിക്കുന്നത്. സിപിഎം തെരഞ്ഞെടുപ്പ് റിവ്യൂവിന് ശേഷം പറഞ്ഞിരുന്നത് തങ്ങൾക്ക് 4,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിയും എന്നായിരുന്നു. എന്നാൽ, ഇനിയും ഇടതിന് തൃക്കാക്കരയിൽ പ്രതീക്ഷക്ക് വകയില്ലെന്ന് വ്യക്തമായി കഴിഞ്ഞു.
പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമാണ്.

നാടിളക്കി പ്രചാരണം നടത്തിയിട്ടും തൃക്കാക്കരയിൽ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്ക് നേർ ഇറങ്ങി നടത്തിയ വൻ പ്രചാരണവും മഴമാറിയ തെളിഞ്ഞ അന്തരീക്ഷവും പോളിംഗ് ദിവസത്തെ രാവിലത്തെ ട്രെൻഡ്, റെക്കോർഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക്. എന്നാൽ, വോട്ടെടുപ്പ് തീർന്നപ്പോൾ കണക്ക് കൂട്ടലുകളെല്ലാം തെറ്റി. കൊച്ചി കോർ‍പ്പറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. കോർപ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തിൽ താഴെയാണ് പോളിംഗ്. ഇതിൽ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. എന്നാൽ സാധാരണ 40 പോലും എത്താത്ത ബൂത്തുകളിൽ 50 ശതമാനം എത്തിയത് തന്നെ നേട്ടമാണെന്നും ഈ ബൂത്തുകളിൽ ചെയ്ത വോട്ടുകൾ അധികവും നേട്ടമാകുമെന്നും യുഡിഎഫ് പറയുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 75 % വരെ കടന്ന പോളിംഗ് കടന്ന ബൂത്തുകളുണ്ട്. തൃക്കാക്കര സെൻട്രലിലെയും ഈസ്റ്റിലെയും വെസ്റ്റിലെയും പോളിംഗിൽ യുഡിഎഫും എൽഡിഎഫും പ്രതീക്ഷ വെക്കുന്നുണ്ടായിരുന്നു. ഈസ്റ്റിൽ കഴിഞ്ഞ തവണ കരുത്ത് കാട്ടിയ ട്വൻറി ട്വൻറി വോട്ട് ഇത്തവണ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ യുഡിഎഫിനുമുണ്ടായിരുന്നു. പോളിംഗ് ശതമാനം കുറഞ്ഞ സാഹചര്യത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലെ നേർക്ക് നേർ പോരിൽ ബിജെപി പിടിക്കുന്ന വോട്ട് വളരെ നിർണ്ണായകമാണ്. ഒരുപക്ഷെ തൃക്കാക്കര ഫലം നിശ്ചയിക്കുന്നത് ചെറിയ മാർജിനാകും. അല്ലെങ്കിൽ ആർക്കുമെങ്കിലും അനുകൂല തരംഗമെങ്കിൽ വൻ ഭൂരിപക്ഷവും വന്നേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here