കനത്ത സുരക്ഷ മറികടന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌, ബി.ജെ.പി. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ കരിങ്കൊടി വീശി പ്രതിഷേധിച്ചു

0

മലയിന്‍കീഴ്‌: കനത്ത സുരക്ഷ മറികടന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌, ബി.ജെ.പി. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ കരിങ്കൊടി വീശി പ്രതിഷേധിച്ചു. വിളപ്പില്‍ശാല ഇ.എം.എസ്‌. അക്കാദമിയില്‍ നവകേരള ശില്‍പശാല ഉദ്‌ഘാടനം ചെയ്യാനെത്തിയയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.എം.എസ്‌. അക്കാദമിയില്‍ മുഖ്യമന്ത്രി എത്തുന്ന വിവരം ഉദ്‌ഘാടനത്തിന്‌ ഒരു മണിക്കൂര്‍ മുമ്പാണ്‌ പുറത്തുവിട്ടത്‌. മുഖ്യമന്ത്രി ക്ലിഫ്‌ ഹൗസില്‍നിന്ന്‌ ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ്‌ വിവരം മാധ്യമങ്ങള്‍ പോലും അറിയുന്നത്‌. ജില്ലയിലെ ഭൂരിഭാഗം പോലീസ്‌ സ്‌റ്റേഷനില്‍നിന്നുള്ള പോലിസ്‌ ഉദ്യോഗസ്‌ഥരും ക്യാമ്പ്‌ പോലീസും ഉള്‍പ്പടെ റോഡിലുടനീളം കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വഴിയില്‍ തടഞ്ഞിരുന്നു. ഇടറോഡുകളില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി. ബാരിക്കേഡുകള്‍ നിരത്തി ശക്‌തമായ സുരക്ഷയായിരുന്നു പോലീസ്‌ ഒരുക്കിയിരുന്നത്‌. എന്നാല്‍ അപ്രതീക്ഷിതമായി പേയാട്‌ ചന്തമുക്കില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരേ ബി.ജെ.പി. പ്രവര്‍ത്തകര്‍ കരിങ്കൊടിയും പാര്‍ട്ടി പതാകയുമായി ഓടിയടുത്തു.
ബി.ജെ.പി. കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡന്റ്‌ സുധീഷ്‌ തിരുനെല്ലിയൂര്‍, ബി.ജെ.പി മലയിന്‍കീഴ്‌ മണ്ഡലം ജനറല്‍ സെക്രട്ടറി കുന്നുവിള സുധീഷ്‌, മണ്ഡലം സെക്രട്ടറി ഹരി പേയാട്‌, ഏരിയ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ എന്നിവരാണ്‌ കരിങ്കൊടി കാണിച്ചത്‌. പലയിടത്തുനിന്നായി പാഞ്ഞെത്തിയ പോലീസ്‌ നാലുപേരെയും ഓടിച്ചിട്ട്‌ പിടികൂടി. പേയാട്‌ കടന്ന വാഹനവ്യൂഹത്തിന്‌ എം.ഇ.എസ്‌. അക്കാദമി വരെ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ മടക്കയാത്രയില്‍ വിളപ്പില്‍ശാല ജങ്‌ഷനു സമീപം യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ നാലുപേര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരേ ചാടിയെത്തി കരിങ്കൊടി വീശി. അതീവ ജാഗ്രതയിലായിരുന്ന പോലീന്റെ കണക്കു കൂട്ടല്‍ ഇതോടെ തെറ്റി. വിളപ്പില്‍ശാല പോലീസ്‌ സ്‌റ്റേഷന്റെ 500 മീറ്റര്‍ അകലെയായിരുന്നു സംഭവം.
യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി അനീഷ്‌ എസ്‌.ടി., ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എന്‍. ഷാജി, ജില്ലാ ജനറല്‍ സെക്രട്ടറി സജി, നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്യംലാല്‍ തുടങ്ങിയ നേതാക്കളാണ്‌ കരിങ്കൊടി കാണിച്ചത്‌. ഇവരെ അറസ്‌റ്റ്‌ ചെയ്‌തു നീക്കി. തുടര്‍ന്ന്‌ എം. വിന്‍സെന്റ്‌ എം.എല്‍.എ. വിളപ്പില്‍ശാല സ്‌റ്റേഷനില്‍ ഇവരെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മടക്കയാത്രയില്‍ പേയാട്‌ കുണ്ടമണ്‍കടവ്‌ ഭാഗത്തുവച്ചും ബി.ജെ.പി. പ്രര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പൂജപ്പുര പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലാണ്‌ സംഭവം. വഴിയരികില്‍ കടയ്‌ക്കുള്ളില്‍നിന്നിരുന്ന രണ്ടു പ്രവര്‍ത്തകര്‍ പൈലറ്റ്‌ വാഹനത്തിന്റെ ഇരമ്പല്‍ കേട്ടതോടെ ചാടിയിറങ്ങി കരിങ്കൊടി വീശുകയായിരുന്നു. പോലീസ്‌ ഇവരെ പിടികൂടി സ്‌റ്റേഷനിലെത്തിച്ച ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here