നോട്ടുകളിൽ കലാമും ടാഗോറും വരില്ല; മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റാൻ നീക്കമെന്ന റിപ്പോർട്ടുകൾ തള്ളി ആർബിഐ

0

മുംബൈ: രാജ്യത്തെ കറൻസി നോട്ടുകളിൽ അബ്ദുൾ കലാമിനെയും രബീന്ദ്രനാഥ ടഗോറിന്റെയും ചിത്രങ്ങൾ വരില്ല. കറൻസി നോട്ടിൽനിന്നു മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റാൻ നീക്കമെന്ന റിപ്പോർട്ടുകൾ തള്ളി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തി. ഇത്തരത്തിലുള്ള ഒരു നിർദേശവും പരിഗണനയിൽ ഇല്ലെന്ന് ആർബിഐ അറിയിച്ചു.

കറൻസി നോട്ടിൽ രബീന്ദ്രനാഥ ടഗോറിന്റെയും എപിജെ അബ്ദുൽ കലാമിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്താനുള്ള നിർദേശം പരിഗണനയിലാണെന്നാണ് ഏതാനും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ടഗോറിന്റെയും കലാമിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്നായിരുന്നു വാർത്ത.

മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ഇത് അടിസ്ഥാനമില്ലാത്തതാണെന്നും ആർബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. കറൻസി നോട്ടിന്റെ നിലവിലെ ഘടനയിൽ ഒരു മാറ്റവും വരുത്താൻ നിർദേശമില്ലെന്ന് ആർബിഐ അറിയിച്ചു.
നോട്ടുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പുറമെ രബീന്ദ്രനാഥ് ടഗോർ, എ.പി.ജെ. അബ്ദുൽ കലാം എന്നിവരെ കൂടി ഉൾപ്പെടുത്താൻറിസർവ് ബാങ്ക് ആലോചനകൾ നടത്തിവരികയാണെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്‌തിരുന്നത്.

ആദ്യമായാണ് ഗാന്ധിജിയെ കൂടാതെ മറ്റ് പ്രമുഖരെയും നോട്ടുകളിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നത്. ആർബിഐയും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഗാന്ധിജി, ടഗോർ, കലാം എന്നിവരുടെ വാട്ടർമാർക്കുകളുടെ രണ്ടു വ്യത്യസ്ത സെറ്റ് സാംപിളുകൾ തയാറാക്കുകയും ഈ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ഐഐടി ഡൽഹി എമറിറ്റസ് പ്രഫസർ ദിലീപ് ടി.ഷഹാനിക്ക് അയച്ചിട്ടുണ്ടെന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here