അഞ്ചലിലെ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയായ സിപിഎം. നേതാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

0

കൊല്ലം: അഞ്ചലിലെ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയായ സിപിഎം. നേതാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നെട്ടയം ശ്രീരാമവിലാസത്തിൽ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പത്തടി തോലൂർ വടക്കേവിളവീട്ടിൽ ജെ.പത്മനെ(52)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതക ക്കേസിന്റെ വിചാരണനടപടികൾ ജൂലായ് ഒന്നിന് സിബിഐ. കോടതിയിൽ തുടങ്ങാനിരിക്കെയാണ് സംഭവം.

സിപിഎം. അഞ്ചൽ ഏരിയ കമ്മിറ്റി അംഗവും കർഷകസംഘം ഏരിയ സെക്രട്ടറിയുമാണ് പത്മൻ. പത്തടിയിലെ വീട്ടിൽനിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള ഏരൂർ തെക്കേവയൽ ഭാഗത്ത് വട്ടമരത്തിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ വെള്ളമെടുക്കാനായി വന്ന നാട്ടുകാരനാണ് മൃതദേഹം കണ്ടത്. ഏരൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം കണ്ടെത്തിയ വയലിനോടുചേർന്നുള്ള റോഡിൽ പത്മന്റെ ബൈക്ക് കണ്ടെത്തി. ബൈക്കിൽനിന്ന് മൊബൈൽ ഫോണും ലഭിച്ചിട്ടുണ്ട്. റെനിയാണ് പത്മന്റെ ഭാര്യ. മക്കൾ: ശിവ, ശിഖ.

2010 ഏപ്രിൽ പത്തിന് രാത്രി ഒൻപതിനാണ് നെട്ടയം ശ്രീരാമചന്ദ്രവിലാസത്തിൽ രാമഭദ്രനെ സിപിഎം. പ്രവർത്തകർ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുമ്പോൾ ജെ.പത്മൻ സിപിഎം. ഏരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു.

എസ്.എഫ്.ഐ., ഡിവൈഎഫ്ഐ. നേതാക്കളടക്കം 16 പേരെ കേസിൽ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. യു.ഡി.എഫ്. സർക്കാർ കേസ് സിബിഐ.ക്ക് വിട്ടെങ്കിലും അവർ ആദ്യം അന്വേഷണം ഏറ്റെടുത്തില്ല. സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെ 2018 നവംബർ 28-ന് കേസ് സിബിഐ.ക്ക് കൈമാറി. കേസിലെ 17-ാം പ്രതി നേരത്തേ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here