അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രൻ രാജിവച്ചു

0

കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രൻ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് രാജിക്കത്ത് കൈമാറി. നേരത്തെ സ്‌പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. അഡ്വ. രാജേഷ് മേനോൻ ആണ് പുതിയ സ്‌പെഷൽ പ്രോസിക്യൂട്ടർ. കേസിന്റെ വിചാരണ ജൂലൈ ഒന്നിന് ആരംഭിക്കും.

മണ്ണാർക്കാട് എസ്‌സി എസ്ടി കോടതിയിൽ നടക്കുന്ന കേസിലെ വിചാരണ നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റാനുള്ള ആവശ്യത്തിൽ സർക്കാർ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണ തടയണമെന്ന മധുവിന്റെ അമ്മയുടെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു.

പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്നാണ് മധുവിന്റെ അമ്മയും സഹോദരിയും ആരോപിച്ചത്. പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവരാണ് വിചാരണയ്ക്കിടെ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയത്. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രന് പരിചയക്കുറവ് ഉണ്ടെന്നും മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here