വിദ്യാലയങ്ങള്‍ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രങ്ങള്‍; സ്‌കൂളുകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി

0

 
തിരുവനന്തപുരം: വിദ്യാലയങ്ങള്‍ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ജാതിയോ മതമോ കുഞ്ഞുങ്ങളെ വേര്‍തിരിക്കുന്നില്ല. മതനിരപേക്ഷത അപകടപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണ്. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും.  കോവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായില്ല. കോവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുവിടങ്ങളില്‍ കളിയിടങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റസൂൽ പൂക്കുട്ടി പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി.

കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കും. വാക്‌സിന്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പഠനം പുതിയ ടൈംടേബിളില്‍ ഇനിയും തുടരും. കുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേകം ട്രാഫിക് പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകളിലേക്ക് 43 ലക്ഷം കുട്ടികളാണെത്തിയത്. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നിട്ടുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷവും നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും. അടുത്ത മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഭക്ഷണം പങ്കുവെക്കരുത്. ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here