റിമാൻഡിലായ എസ്എഫ്ഐ സെക്രട്ടറിക്ക് ജയിലിനു മുന്നിൽ സ്വീകരണം; വിവാദം

0

കൊച്ചി ∙ വധശ്രമക്കേസിൽ ഹൈക്കോടതി അറസ്റ്റിന് ഉത്തരവിട്ട എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ഒടുവിൽ പൊലീസിനു മുന്നിൽ കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‍ഡ് ചെയ്തു. എന്നാൽ, ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്കു പൊലീസ് നോക്കി നിൽക്കെ ജയിലിനു മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ സ്വീകരണം ഒരുക്കി. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പ്രതിക്കു രക്തഹാരാർപ്പണം നടത്തിയിട്ടും പൊലീസ് തടയാതിരുന്നതു വിവാദമായി.

ഇന്നലെ രാവിലെ 11ന് എറണാകുളം സെൻട്രൽ എസിപി സി.ജയകുമാറിനു മുന്നിലാണ് അഭിഭാഷകനൊപ്പമെത്തി ആർഷോ കീഴടങ്ങിയത്. തുടർന്നു മജിസ്ട്രേട്ടിനു മുന്നിലെത്തിച്ച പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. നാൽപതിലേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ ആർഷോയുടെ ജാമ്യം ഫെബ്രുവരിയിൽ റദ്ദാക്കിയ ഹൈക്കോടതി അറസ്റ്റിന് ഉത്തരവിട്ടിട്ടും പ്രതിയെ കണ്ടെത്താൻ ആയില്ലെന്നായിരുന്നു പൊലീസ് വാദം. മേയ് അവസാനവാരം മലപ്പുറത്തു നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കുകയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടും ആർഷോ പൊലീസിനു മാത്രം കാണാമറയത്തായിരുന്നു.

2018 നവംബർ എട്ടിന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ആർഷോയ്ക്ക് എതിരെ വധശ്രമക്കേസെടുത്തത്. വിദ്യാർഥിയെ ഹോസ്റ്റൽ റൂമിൽ പൂട്ടിയിട്ടു മർദിച്ചതിനും കോട്ടയത്ത് എഐഎസ്എഫ് വനിതാ നേതാവിനെ ജാതിപ്പേരു വിളിച്ചും ലൈംഗികച്ചുവയോടെ സംസാരിച്ചും അധിക്ഷേപിച്ചതിനും ഇയാൾക്കെതിരെ കേസുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here