നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന ഒരു ഡയലോഗാണ് ‘ജലം അമൂല്യമാണ്, അത് പാഴാക്കരുത് എന്നത്

0

നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന ഒരു ഡയലോഗാണ് ‘ജലം അമൂല്യമാണ്, അത് പാഴാക്കരുത് എന്നത്. എന്നാല്‍ അതിന്റെ ഗൗരവം പലപ്പോഴും നമ്മള്‍ക്ക്  മനസ്സിലാവാറില്ല. അതേസമയം അതിന്റെ വ്യാപ്തി പൂര്‍ണമായും ഉള്‍കൊണ്ട ഗ്രാമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ജലം ഒരു കിട്ടാക്കനിയായി മാറുന്ന അവിടങ്ങളില്‍ ആളുകള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് ജലം സംഭരിക്കുന്നത്.  
രണ്ട് സ്ത്രീകള്‍ ആഴമേറിയ കിണറ്റിന്റെ ചുവരുകള്‍ പിടിച്ച് കയറുന്ന ഭീതിജനകമായ ഒരു വീഡിയോ അടുത്തിടെ വൈറലായിരുന്നു. മധ്യപ്രദേശിലെ ഘുസിയ ഗ്രാമത്തിലെ ദിന്‍ഡോരി ജില്ലയില്‍ നിന്നുള്ള ദൃശ്യമാണ് അത്.  വേനല്‍ക്കാലം തുടങ്ങിയതോടെ ഗ്രാമത്തിലെ ഒട്ടുമിക്ക കുളങ്ങളും, കിണറുകളും വറ്റി തുടങ്ങി. ആളുകള്‍ ചുട്ടു പൊള്ളുന്ന വേനലില്‍ കുടിക്കാന്‍ പോലും ഇറ്റ് വെള്ളമില്ലാതെ ഉഴലുന്നു. 
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററില്‍ പങ്കുവെച്ച 53 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോവില്‍, ഗ്രാമവാസികള്‍ കുടിവെള്ളത്തിനായി ജീവന്‍ പണയപ്പെടുത്തി ഇറങ്ങുന്നത് കാണാം. ഏറെക്കുറേ വറ്റിവരണ്ട കിണറിനകത്തേയ്ക്ക് ഇറങ്ങിയ സ്ത്രീകള്‍ വെള്ളം പിടിച്ച ശേഷം കയറിന്റെ സഹായമില്ലാതെ വെറും കൈകൊണ്ട് കിണറിന്റെ ചുവരില്‍ പിടിച്ച് പുറത്തേയ്ക്ക് ഇറങ്ങുന്നതാണ് വീഡിയോ. വറ്റി വരണ്ട കിണറിന്റെ അടിത്തട്ടിലുള്ള അവശേഷിക്കുന്ന ഒരു കുമ്പിള്‍ വെള്ളത്തിന് വേണ്ടിയാണ് അവരുടെ ഈ സാഹസം.  

കിണറ്റിന്റെ അടിയില്‍ ഒരു പെണ്‍കുട്ടിയും പുരുഷനും ചെറിയ പാത്രങ്ങള്‍ ഉപയോഗിച്ച് അവശേഷിക്കുന്ന വെള്ളം ബക്കറ്റുകളില്‍ നിറക്കാന്‍ ശ്രമിക്കുന്നതും ക്ലിപ്പില്‍ കാണാം. ഏറെക്കുറെ വറ്റിപ്പോയ കിണറില്‍ വെള്ളം നന്നേ കുറവാണ്.  വെള്ളമെടുത്ത ശേഷം, പെണ്‍കുട്ടി കിണറിന്റെ ഭിത്തിയില്‍ പിടിച്ച് തിരികെ കയറുന്നു. യാതൊരു സുരക്ഷാ മാര്‍ഗ്ഗങ്ങളുമില്ലാതെയാണ് അവര്‍ ഇത് ചെയ്യുന്നത്. എത്രത്തോളം  ഗതിമുട്ടിയിട്ടായിരിക്കാം നിരാലംബരായ അവര്‍ ഈ സാഹസത്തിന് ഒരുങ്ങിയതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എങ്ങാന്‍ കൈ തെന്നിയാല്‍  അവരുടെ ജീവന്‍ വരെ നഷ്ടമാകാം. വേനല്‍ കാലമായാല്‍ ഇതാണ് അവരുടെ സ്ഥിതി.          
മാത്രവുമല്ല തലയില്‍ പാത്രങ്ങളുമായി ഈ ചൂടത്ത് സ്ത്രീകള്‍ കിലോമീറ്ററുകളോളം നടന്നാണ് ഇവിടെ എത്തുന്നത്. ഇതൊന്നും പോരാത്തതിന്, ഇങ്ങനെ കിട്ടുന്നതോ ചെളി കലര്‍ന്ന വെള്ളവും. ഘുസിയ ഗ്രാമത്തില്‍ ഭൂരിഭാഗവും ആദിവാസികളാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവര്‍ ഈ ദുരിതം അനുഭവിക്കുകയാണ്. കിണറുകള്‍ വറ്റി വരണ്ടു, ഹാന്‍ഡ് പമ്പുകളില്‍ വെള്ളമില്ല. പകലാകട്ടെ, രാത്രിയാകട്ടെ, വെള്ളം വേണമെങ്കില്‍ കിണറ്റില്‍ ഇറങ്ങിയെ പറ്റുവെന്ന അവസ്ഥയാണ് തങ്ങള്‍ക്കെന്ന് ഗ്രാമീണര്‍ പറയുന്നു. 
സഹായിക്കാന്‍ സര്‍ക്കാരോ, രാഷ്ട്രീയ പാര്‍ട്ടികളോ മുന്നോട്ട് വരാത്തതിനെ തുടര്‍ന്ന്, ഗ്രാമവാസികള്‍ ഈ വര്‍ഷത്തെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. വാട്ടര്‍ കണക്ഷന്‍ വേണമെന്നതാണ് അവരുടെ ആവശ്യം, ഇല്ലെങ്കില്‍ ഒരു നേതാവിനും വോട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം എത്തി നോക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെയും സര്‍ക്കാറിനെയും തങ്ങള്‍ക്ക് വേണ്ട എന്നും അവിടത്തെ നിവാസിയായ കുസും എഎന്‍ഐയോട് പറഞ്ഞു.  
 

LEAVE A REPLY

Please enter your comment!
Please enter your name here