റിട്ടയർമെന്റ് വ്യത്യസ്തമാക്കാൻ നളിനാക്ഷൻ, നാളെ കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാരത്തൺ നടത്തും

0

കൊച്ചി: ഓടി റിട്ടയർ ചെയ്യാൻ കോഴിക്കോട് സ്വദേശി നളിനാക്ഷൻ. കൊച്ചി കപ്പൽ നിർമാണ ശാലയിലെ ജോലിയിൽ നിന്ന് വിരമിക്കുന്ന നളിനാക്ഷൻ കൊച്ചിയിൽ നിന്ന് കോഴിക്കോട്ടെ വീട്ടിലേക്ക് മാരത്തൺ ഓടിയാണ് റിട്ടയർമെന്‍റ് ചരിത്രമാക്കാനൊരുങ്ങുന്നത്. 165 കിലോമീറ്റർ ദൂരം 30 മണിക്കൂർ കൊണ്ട് ഓടിത്തീർക്കാനാണ് ശ്രമം.
കൊച്ചി കപ്പൽ നിർമാണ ശാലയിലെ ഷിപ്പ് ബിൽഡിംഗ് അസിസ്റ്റന്‍റ് എഞ്ചിനീയറായ നളിനാക്ഷൻ നാളെ വിരമിക്കും. 38 വർഷം മുമ്പ് ജോലിക്കായി കൊച്ചിയിലെത്തിയ നളിനാക്ഷൻ കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ്. വിരമിക്കുമ്പോൾ നാട്ടിലേക്ക് പോകണം എന്ന് നേരത്തെ തീരുമാനിച്ചു. എങ്കിൽ യാത്ര എന്തുകൊണ്ട് വ്യത്യസ്തമാക്കിക്കൂടാ എന്ന ചിന്തയാണ് മാരത്തൺ എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടിന് 100 മൈൽ മാരത്തൺ തുടങ്ങും. ഇടപ്പള്ളി, കൊടുങ്ങല്ലൂർ വഴി ഞായറാഴ‍്‍ച രാവിലെ 10ന് രാമനാട്ടുകരയിൽ എത്തും വിധമാണ് ഓട്ടം ക്രമീകരിച്ചിരിക്കുന്നത്. നളിനാക്ഷൻ അംഗമായ ഓട്ടക്കൂട്ടം പനമ്പിള്ളി നഗർ റണ്ണേഴ‍്‍സ് വിരമിക്കൽ മാരത്തണിൽ പൂർണ പിന്തുണയുമായി ഒപ്പമുണ്ടാകും.

രണ്ട് വർഷം മുമ്പ് കൊവിഡ് ലോക‍്‍ഡൗൺ കാലത്താണ് നളിനാക്ഷനും ഭാര്യ അജയയും വ്യായാമം ചെയ്യാൻ തുടങ്ങിയത്. രാവിലത്തെ നടത്തം പിന്നീട് ഓട്ടമാക്കി. മാരത്തൺ ഓട്ടത്തിൽ ചാമ്പ്യന്മാരാണ് ഇപ്പോൾ ഈ ദമ്പതിമാർ.

LEAVE A REPLY

Please enter your comment!
Please enter your name here