ലൈഫ് കരട് ഗുണഭോക്തൃ പട്ടികയിൽ ആക്ഷേപമുള്ളവർ ഈ മാസം 17നുള്ളിൽ ഓൺലൈനായി അറിയിക്കണമെന്ന് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു

0

കോഴിക്കോട് : ലൈഫ് കരട് ഗുണഭോക്തൃ പട്ടികയിൽ ആക്ഷേപമുള്ളവർ ഈ മാസം 17നുള്ളിൽ ഓൺലൈനായി അറിയിക്കണമെന്ന് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. ഈമാസം 10ന് പ്രസിദ്ധീകരിച്ച പട്ടികയിൽ 14 ന് ഉച്ചയ്ക്ക് രണ്ട് വരെ 11,196 അപ്പീലുകൾ ലഭിച്ചു. ഭൂമിയുള്ള ഭവനരഹിതരുടെ 9533 അപ്പീലുകളും ഭൂമിയില്ലാത്ത ഭവനരഹിതരുടെ 1663 അപ്പീലുകളുമാണ് ലഭിച്ചത്. www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്താണ് അപ്പീൽ നൽകേണ്ടത്.

നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മുൻഗണനാ പട്ടികയിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമേ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനും ഗ്രാമസഭകൾക്കും മാറ്റം വരുത്താനാവൂ. അതിനാൽ മുൻഗണനാ ക്രമത്തിൽ അപാകത ഉണ്ടെങ്കിൽ ഗുണഭോക്താക്കൾ അപ്പീൽ നൽകേണ്ടത് അനിവാര്യമാണ്. ഭൂരഹിതരായവർ ഭൂമി ഉള്ളവരുടെ പട്ടികയിലേക്കോ തിരിച്ചോ മാറുന്നതിനും അപ്പീൽ നൽകാൻ അവസരമുണ്ട്. വാർഡ്, തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നിവ മാറാനും അപ്പീൽ നൽകാം.

ഏറ്റവും അർഹരായവർക്ക് തന്നെ ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ അപ്പീൽ/ ആക്ഷേപം നൽകാനുള്ള അവസരം കൃത്യമായി വിനിയോഗിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കലക്ടർ അധ്യക്ഷനായ കമ്മിറ്റിക്ക് മുൻപിൽ ജൂലൈ എട്ടു വരെ രണ്ടാം ഘട്ടം അപ്പീൽ ഓൺലൈനിൽ നൽകാനും അവസരമുണ്ടാകും. ഓഗസ്റ്റ് 16 നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here