നിയമ പഠനം ഇനി പ്രാദേശിക ഭാഷകളിലും സാധ്യമാകും

0

ന്യൂഡൽഹി: നിയമ പഠനം ഇനി പ്രാദേശിക ഭാഷകളിലും സാധ്യമാകും. എജിനിയറിങ്ങിനു പിന്നാലെ നിയമപഠനവും പ്രാദേശിക ഭാഷയിലാക്കാനുള്ള പദ്ധതി 2023-’24 വർഷത്തോടെ പ്രാബല്യത്തിലാക്കാൻ ഒരുങ്ങുകയാണ്. ആദ്യ ഘട്ടത്തിൽ 12 പ്രാദേശിക ഭാഷകളിലായിരിക്കും നിയമ പഠനത്തിന് വഴിയൊരുങ്ങുക. ഹിന്ദി, ഗുജറാത്തി, അസമീസ്, തമിഴ്, ബംഗാളി, തെലുഗു തുടങ്ങി 12 ഭാഷകളിലാകും ആദ്യഘട്ടത്തിൽ കോഴ്സുകൾ ആരംഭിക്കുക. ഇതുസംബന്ധിച്ചുള്ള നിർദേശങ്ങൾ തയ്യാറാക്കാൻ യുജിസി.യും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും പന്ത്രണ്ടംഗ സമിതിക്ക് രൂപം നൽകി.

സുപ്രീംകോടതി മുൻചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയാണ് സമിതിയുടെ അധ്യക്ഷൻ. പട്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എൽ. നരസിംഹ റെഡ്ഡി, യുജിസി. അധ്യക്ഷൻ പ്രൊഫ. എം. ജഗദീഷ് കുമാർ, കൊൽക്കത്ത ജുഡീഷ്യറി സയൻസ് ദേശീയ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഈശ്വര ഭട്ട്, മുതിർന്ന അഭിഭാഷകരായ അഞ്ജലി വിജയ് ഠാക്കൂർ, അശോക് മേത്ത, അൻജുൽ ദ്വിവേദി തുടങ്ങിയവർ സമിതിയിലെ അംഗങ്ങളാണ്.

പാഠപുസ്തകങ്ങൾ വിവർത്തനം ചെയ്യേണ്ടതാണ് പ്രധാനപ്പെട്ട ജോലിയെന്നും അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായും മുതിർന്ന അഭിഭാഷകനും ബി.സിഐ. ചെയർമാനുമായ മനൻ കുമാർ മിശ്ര അറിയിച്ചു. 2023-’24 വർഷത്തോടെ ഇത് പൂർത്തിയാക്കും. ആദ്യവർഷം 1000 കോളേജുകളിൽ ഇത് നടപ്പാക്കും.

പ്രാദേശിക പഠനം പ്രോത്സാഹിപ്പിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ലോ കോളേജുകളിൽ പ്രാദേശിക ഭാഷകളിൽ നിയമം പഠിപ്പിക്കാനൊരുങ്ങുന്നത്. ഒപ്പം 90 ശതമാനം ആളുകൾക്കും നീതി നിഷേധിക്കപ്പെടുന്നത് അവരുടെ ജീവിതത്തെ ബാധിക്കുന്ന നിയമങ്ങളും വിധികളും മനസ്സിലാക്കുന്നതിലുള്ള അപാകംകാരണമാണെന്നും നിയമവിദഗ്ദ്ധർ നിരീക്ഷിക്കുന്നു. ഇതിനൊരു മാറ്റം വരണമെങ്കിൽ നിയമപുസ്തകങ്ങൾ പ്രാദേശിക ഭാഷകളിലുണ്ടാകാൻ പ്രോത്സാഹിപ്പിക്കണം.

പ്രാദേശിക ഭാഷകളിൽ വിധിന്യായങ്ങൾ വിവർത്തനം ചെയ്യാൻ കോടതികളിൽ സമ്മർദം ഉണ്ടാകുന്നത് പതിവാണ്. നിലവിൽ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകർ പ്രധാനമായും ഇംഗ്ലീഷിലാണ് വാദിക്കുന്നത്. കീഴ്ക്കോടതികളിൽ പ്രാദേശിക ഭാഷകളിലും.

പ്രാദേശിക ഭാഷയിൽ എൻജിനിയറിങ് പഠനം ആരംഭിച്ചെങ്കിലും പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. 2021-’22 അധ്യയനവർഷം എട്ടു സംസ്ഥാനങ്ങളിലെ 19 എൻജിനിയറിങ് കോളേജുകളിൽ പ്രാദേശിക എൻജിനിയറിങ് കോഴ്സുകൾ ആരംഭിച്ചിരുന്നു. വിവിധ കോഴ്സുകളിലായി 1,230 സീറ്റ് മാറ്റിവെച്ചെങ്കിലും 255 സീറ്റുകളിലാണ് ആകെ പ്രവേശനം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here