പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളിൽ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങൾ നിയന്ത്രിക്കാനുള്ള പൊലീസ് നിർദേശത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം

0

പാലക്കാട്: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളിൽ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങൾ നിയന്ത്രിക്കാനുള്ള പൊലീസ് നിർദേശത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം.വിദ്വേഷ പ്രചാരകർക്ക് ഇല്ലാത്ത ഇണ്ടാസ് മുസ്ലിം പള്ളികൾക്ക് മാത്രമെന്തിനെന്ന് ബൽറാം ചോദിക്കുന്നു.വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയിൽ അമ്പല കമ്മിറ്റികൾക്ക് നോട്ടീസ് നൽകാൻ പിണറായി വിജയന്റെ പൊലീസ് തയ്യാറാകുമോ എന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തിൽ അടുത്ത കാലത്ത് മുസ്ലിം പള്ളികളിൽ സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രഭാഷണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല. പിന്നെന്തിനാണ് കേരളാ പൊലീസിന്റെ ഇത്തരത്തിലുള്ള നോട്ടീസ്.പി സി ജോർജിനെ വെണ്ണലയിലെ ക്ഷേത്ര കമ്മിറ്റി ആദരിച്ച് ക്ഷണിച്ച് കൊണ്ടുവന്നത് കേരളം ചർച്ച ചെയ്തതാണ്. പി സി ജോർജിനെ ജാമ്യത്തിൽ എടുത്തത് ക്ഷേത്ര കമ്മിറ്റിക്കാർ തന്നെയായിരുന്നെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

നാർക്കോട്ടിക് ജിഹാദ് അടക്കമുള്ള വിദ്വേഷ പ്രചാരണവും നടന്നത് ആരാധനാലയങ്ങൾ വേദിയായാണ്. ആരോപണം ഉന്നയിച്ച ബിഷപ്പിനെ കണ്ട് സമാശ്വസിപ്പിക്കകുയായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ മന്ത്രിയെന്നും വി ടി ബൽറാം ആരോപിച്ചു.

‘കേരളത്തിൽ ഈയടുത്ത കാലത്ത് എപ്പോഴെങ്കിലും ഏതെങ്കിലും മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച ജുമാ നമസ്‌ക്കാരത്തിന് ശേഷം ‘സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങൾ’ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? പെട്ടെന്ന് ഓർമ്മയിൽ വരുന്നില്ല.

എന്നാൽ പി.സി.ജോർജിനെ വെണ്ണലയിലെ ക്ഷേത്ര കമ്മിറ്റി ആദരിച്ച് ക്ഷണിച്ചുകൊണ്ടുവന്ന് പ്രസംഗിപ്പിച്ച കാര്യം കേരളം ഈയിടെ ചർച്ച ചെയ്തതാണ്. ആ പ്രസംഗത്തിലെ കണ്ടന്റ് എത്രത്തോളം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലായിരുന്നു എന്നത് ഇവിടത്തെ നിയമ സംവിധാനത്തിനുമറിയാം. അങ്ങനെയെടുത്ത കേസിൽ ജോർജിനെ ജാമ്യത്തിലെടുത്തതും ഇതേ ക്ഷേത്ര കമ്മിറ്റിക്കാർ തന്നെയായിരുന്നു എന്നും വാർത്തകളുണ്ടായിരുന്നു. അതായത് ജോർജിന്റെ പ്രസംഗത്തെ സംഘാടകർ ശരിവയ്ക്കുന്നു എന്നർത്ഥം.

നാർക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്പില്ലാത്ത വിദ്വേഷ പ്രചരണങ്ങൾക്കും വേദിയായത് ആരാധനാലയങ്ങൾ തന്നെയാണ്. സാമുദായിക സൗഹാർദ്ദം തകർക്കുന്ന രീതിയിൽ ദുരാരോപണമുന്നയിച്ച ആ ബിഷപ്പിനെ താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ മന്ത്രി.പിന്നെന്തിനാണ് മുസ്ലിം ആരാധനാലയങ്ങൾക്ക് മാത്രമായി കേരള പൊലീസിന്റെ ഇങ്ങനെയൊരു ഇണ്ടാസ്? ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയിൽ കേരളത്തിലെ അമ്പലകമ്മിറ്റികൾക്ക് നോട്ടീസ് നൽകാൻ പിണറായി വിജയന്റെ പൊലീസ് തയ്യാറാകുമോ?’ വി ടി ബൽറാം പറയുന്നു.

കണ്ണൂർ ജില്ലയിലാണ് മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്ക് ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങൾ നിയന്ത്രിക്കാൻ മുന്നറിയിപ്പുമായി പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. ജില്ലയിലെ മയ്യിൽ പൊലിസ് സ്റ്റേഷനു കീഴിലുള്ള വിവിധ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്കാണു കഴിഞ്ഞ ദിവസം ഇൻസ്പെക്ടറുടെ സീൽ പതിച്ച നോട്ടീസ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here