തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

0

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ കവാടത്തിലെത്തിച്ച വ്യക്ക ഏറ്റുവാങ്ങാന്‍ വൈകിയെന്നത് ഗുരുതര ആരോപണമാണെന്ന് സുധാകരന്‍ പറഞ്ഞു. 
ഒരു മനുഷ്യജീവന്‍ രക്ഷിക്കുന്നതില്‍ കാണിച്ച അലംഭാവം ഒരിക്കലും പൊറുക്കാന്‍ കഴിയുന്നതല്ല. കുറ്റം ആരുടെ ഭാഗത്ത് നിന്നാണെങ്കിലും മാതൃകാപരമായ ശിക്ഷ അനിവാര്യമാണ്. ഏകോപനത്തിലെ പിഴവാണ് ഒരു മനുഷ്യ ജീവന്‍ നഷ്ടമാകാന്‍ കാരണം. അതിന്റെ  ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ലെന്നും ആരോഗ്യവകുപ്പും ഈ സംഭവത്തില്‍ പ്രതിസ്ഥാനത്താണെന്നും സുധാകരന്‍ പറഞ്ഞു.
ശസ്ത്രക്രിയ സംബന്ധിച്ച വിവരം അറിവുണ്ടായിട്ടും എന്തുകൊണ്ട് ഇത്തരമൊരു പിഴവ് ഉണ്ടായിയെന്ന് അന്വേഷിക്കണം. സാങ്കേതികത്വം ചൂണ്ടിക്കാട്ടി കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകും. ആരോഗ്യ രംഗത്ത് ദേശീയപ്രശംസ നേടിയിട്ടുള്ള കേരളത്തെ നാണം കെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അകാലത്തില്‍ ജീവന്‍ നഷ്ടമായ സുരേഷ് കുമാറിന്‍റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം മരിച്ച സുരേഷ് കുമാറിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് ഇന്നലെ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സുരേഷിന്‍റെ സഹോദരന്‍റെ പരാതിയിലാണ് കേസ്. അതിനിടെ സംഭവത്തിൽ ഗുരുതര വീഴ്ച ആരോപിച്ച് മെഡിക്കൽ കോളേജിലെ രണ്ട് വകുപ്പ് മേധാവിമാരെ സസ്പെൻഡ് ചെയ്ത  നടപടിയിൽ പ്രതിഷേധവുമായി മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടന രംഗത്തെത്തി. ഡോക്ടർമാരെ ബലിയാടാക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്ന് കെജിഎംസിടിഎ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here