നബി വിരുദ്ധ പരാമർശത്തിൽ ബിജെപി വക്താക്കളെ വിമർശിച്ച്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

0

ദില്ലി; നബി വിരുദ്ധ പരാമർശത്തിൽ ബിജെപി വക്താക്കളെ വിമർശിച്ച്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്ത് കലഹങ്ങളുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്.  പ്രധാനമന്ത്രിയുടെ വാക്കുകളാണ് മാതൃകയാക്കേണ്ടത്. അതേസമയം വിഷയത്തിൽ മറ്റ് രാജ്യങ്ങളുടെ ആവശ്യത്തിന് വഴങ്ങി ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്നും ഗവർണർ  വ്യക്തമാക്കി.ഇന്ത്യ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന രാജ്യമാണ്. പ്രധാനമന്ത്രിയും ആര്‍എസ് എസ് തലവനും ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.കശ്മീര്‍ വിഷയത്തിലടക്കം പല രാജ്യങ്ങളും പല അഭിപ്രായങ്ങളും പറയാറുണ്ട്. അതൊന്നും ഇന്ത്യയെ ബാധിക്കാറില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി
പോപുലർ ഫ്രണ്ടിനെതിരെ പരോക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
കേരളത്തിൻറെ സമാധാന, സാമൂഹ്യ അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾ ആശങ്കപ്പെടുത്തുന്നു. കുട്ടികളെ കൊണ്ടു പോലും വിദ്വേഷ മുദ്രാവാക്യം വിളിപ്പിക്കുന്നു. ഈ ശക്തികൾ വിജയിക്കില്ല എന്നും ഗവർണർ ദില്ലിയിൽ പറഞ്ഞു.എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെയാണോ ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല
നബിവിരുദ്ധ പ്രസ്താവന: തിരിച്ചടി മറികടക്കാനുള്ള നീക്കവുമായി ഇന്ത്യ, അറബ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കും
ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവന രാജ്യാന്തര രംഗത്തുണ്ടാക്കിയ തിരിച്ചടി മറികടക്കാൻ തിരക്കിട്ട നീക്കവുമായി ഇന്ത്യ. അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം.  ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന ഇക്കാര്യത്തിൽ നടത്തിയ അഭിപ്രായപ്രകടനം ചിലരുടെ പ്രേരണ കൊണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

-ADVERTISEMENT-

നുപുർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നീ ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയിൽ ഖത്തർ, കുവൈറ്റ്, ഇറാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ അംബാസഡർമാരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചത്. ഇന്ന് പാകിസ്ഥാനും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെട്ട ഗൾഫ് സഹകരണ കൗൺസിലും പ്രസ്താവന പുറത്തിറക്കി. മാലിദ്വീപിൽ പ്രതിപക്ഷം ഇന്ത്യയ്ക്കെതിരെ പാർലമെൻറിൽ പ്രമേയം കൊണ്ടു വന്നു. 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന നീക്കങ്ങളുടെ തുടർച്ചയാണ് പ്രസ്താവനയെന്ന് കുറപ്പെടുത്തി. 
ഒഐസിയുടെ നിലപാട് തള്ളിയ വിദേശകാര്യമന്ത്രാലയം ഇന്ത്യയ്ക്ക് എല്ലാ മതങ്ങളോടും ഒരു പോലെ ബഹുമാനമാണെന്ന് വ്യക്തമാക്കി. രണ്ടു വ്യക്തികളുടെ നിലപാട് ഇന്ത്യയുടെ നിലപാടല്ല. ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചിലരുടെ പ്രേരണ കൊണ്ടാണ് ഒഐസി പ്രസ്താവനയെന്നു വിദേശകാര്യമന്ത്രാലയം പറയുന്നു. 
പാകിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രേരണയിലാണ് ഒഐസിയുടെ ഇന്ത്യാവിരുദ്ധ നിലപാടെന്നാണ് വിദേശകാര്യമന്ത്രാലയം കരുതുന്നത്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ പോലുള്ള രാജ്യങ്ങൾ. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇവർ നിരോധിച്ചാൽ അത് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ സുഹൃദ് രാജ്യങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വിദേശകാര്യന്ത്രാലയം നയതന്ത്രപ്രതിനിധികൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
 ഗ്യാൻവാപി പോലുള്ള വിഷയങ്ങൾ ഇന്ത്യയിൽ സജീവമാകുമ്പോഴാണ് അറബ് ലോകം ശക്തമായ നിലപാട് സ്വീകരിക്കുന്നത്. അറബ് രാജ്യങ്ങളുമായി നല്ല ബന്ധം അവകാശപ്പെടുന്ന നരേന്ദ്ര മോദി സർക്കാരിന് ഇപ്പോഴത്തെ സംഭവങ്ങൾ വലിയ സമ്മർദ്ദമാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here