ആര്യങ്കാവ് വഴി തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മായം കലർത്തിയ മത്സ്യം ഭക്ഷ്യ സുരക്ഷാ സംഘം പിടികൂടി

0

ആര്യങ്കാവ് വഴി തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മായം കലർത്തിയ മത്സ്യം ഭക്ഷ്യ സുരക്ഷാ സംഘം പിടികൂടി. മൂന്ന് ലോറികളിലായി എത്തിയ 10750 കിലോയോളം മത്സ്യമാണ് പിടികൂടിയത്. ഓാപ്പറേഷൻ മത്സ്യയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രിയിലായിരുന്നു പരിശോധന. പിടിച്ചെടുത്ത മത്സ്യം പൂപ്പൽ പിടിച്ചതും ചീഞ്ഞ് അളിഞ്ഞതുമായിരുന്നു. ട്രോളിങ് നിരോധനത്തിന്റെ മറവിലാണ് സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം എത്തിക്കുന്നത്.

ചൂര മത്സ്യമാണ് പിടികൂടിയതിൽ അധികവും. ആറായിരം കിലോയിലധികവും ചൂര മത്സ്യമാണ് പിടിച്ചെടുത്തത്. വിവിധ വാഹനങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധന നടത്തിയിരുന്നു. രണ്ട് വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത മീനുകളിൽ നിന്ന് ദുർഗന്ധവും വമിക്കുന്നുണ്ടായിരുന്നു. പരിശോധനയിൽ രാസ വസ്തും ഉപയോഗിച്ച് ചോരയുടെ അംശമുണ്ടെന്ന് കാണിക്കാൻ ശ്രമം നടന്നതായും പരിശോധനയിൽ തെളിഞ്ഞു. പിടിച്ചെടുത്ത സാമ്പിളുകൾ കൊച്ചിയിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കടലൂരിൽ നിന്ന് കരുനാഗപ്പള്ളി , ആലങ്കോട് എന്നിവിടങ്ങളിലേക്ക് മൊത്തം വ്യാപാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്ന മത്സ്യമാണിത്. കഴിഞ്ഞ രാത്രി 11ഓടെ ആരംഭിച്ച പരിശോധന ശനിയാഴ്ച പുലർച്ചെ വരെ നീണ്ടു. പിടിച്ചെടുത്ത മത്സ്യം ആര്യങ്കാവ് പഞ്ചായത്തിന്റെ സഹായത്തോടു കൂടി നശിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. ചാത്തന്നൂർ, കൊട്ടാരക്കര , പത്തനാപുരം സർക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസറുമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച പരിശോധന നടന്നില്ലായിരുന്നുവെങ്കിൽ വിൽപനയ്ക്ക് എത്തുകയും വീടുകളിലേക്ക് ഉൾപ്പെടെ ഈ മത്സ്യം എത്തുകയും ചെയ്യുമായിരുന്നു.

തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽ നിന്നാണ് മത്സ്യം എത്തിച്ചത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ മൊത്തവിൽപനയ്ക്കാണ് മത്സ്യം എത്തിച്ചതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here