ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച അതേ കാര്യങ്ങളാണ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ജോസ് തോമസ്

0

കൊച്ചി: ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച അതേ കാര്യങ്ങളാണ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ജോസ് തോമസ്. എന്റെ സുഹൃത്ത് കൂടിയായ സിനിമാ നടന്‍ ദിലീപിനെ ഒരു കേസില്‍ അറസ്റ്റ് ചെയ്യുകയും 85 ദിവസത്തോളം റിമാന്‍ഡില്‍ കിടക്കുകയും ചെയ്തു. അതിന് ശേഷം കേസ് വിചാരണ നടക്കുകയും ദിനംതോറും പത്രമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തു. ചിലരൊക്കെ ദിലീപ് ഫോണ്‍ വിളിച്ചത് കേട്ടത് പോലെ സംസാരിക്കുകയും അദ്ദേഹത്തെ കശ്മലനെന്നും ക്രൂരനായ നടനെന്നുമൊക്കെ വിളിച്ച് ആയാളുടെ കരിയർ നശിപ്പിക്കുന്ന കാഴ്ചകളൊക്കെ നമ്മള്‍ കാണുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയയിരുന്നു അദ്ദേഹം.

ദിലീപ് എന്ന ഞാനറിയുന്ന വ്യക്തിയെ കുറിച്ച് ഒന്ന് രണ്ട് വീഡിയോകള്‍ ഞാന്‍ ചെയ്തപ്പോള്‍ അതിന് വന്ന കമന്റുകള്‍ ഭീകരമായിരുന്നു. നട്ടെല്ലില്ലാത്ത ജോസ് തോമസ് എന്ന് വിളിച്ചുകൊണ്ടുള്ള കമന്റുകള്‍ വരെ വന്നു. അതിനെല്ലാം ഒരു മറുപടി ഞാന്‍ എഴുതിയിരുന്നു. ‘ നിങ്ങളൊക്കെ ഇക്കാര്യം കൃത്യമായി കണ്ട് ബോധ്യപ്പെട്ടവരാണ്, കാണാത്ത ഒരു കാര്യത്തെക്കുറിച്ചും മറ്റുള്ളവരുടെ മനസ്സ് വായിക്കാന്‍ അറിയാത്ത ഒരാളായാതിനാല്‍ ദിലീപ് ആ കുറ്റം ചെയ്തോ ഇല്ലോയോ എന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് കുറ്റപ്പെടുത്താനും നീതീകരിക്കാനും ഞാന്‍ ആളല്ല’ എന്നായിരുന്നു എന്റെ മറുപടിയെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു

വീണ്ടും ദിലീപ് വിഷയത്തിലേക്ക് വന്നതിന്റെ കാര്യം പറയാം. പള്‍സർ സുനിയെന്ന് ക്രിമിനല്‍ കൊടുത്ത മൊഴിയാണ് ദിലീപിനെതിരായിട്ടുള്ള ആദ്യത്തെ തെളിവ്. പൊലീസ് അന്വേഷണം നടത്തുന്നു, ദിലീപിനെ അറസ്റ്റ് ചെയ്യുന്നു, 85 ദിവസം റിമാന്‍ഡില്‍ കഴിയുന്നു. ദിലീപിനെതിരായ തെളിവുകള്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ പള്‍സർ സുനി കത്തയച്ചെന്ന് പറയുന്നു, പിന്നീട് അനൂപിന്റെ ശബ്ദരേഖകള്‍ തുടങ്ങി ഒരുപാട് തെളിവുകള്‍ കൊണ്ടുവരുന്നു. എന്നാല്‍ കോടതി ഇതൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല. എന്തായാലും ദിലീപ് അനുഭവിക്കേണ്ടത് അനുഭവിച്ചു. അയാളുടെ വ്യക്തി ജീവിതത്തിലും കരിയറിലും ഒരുപാട് നഷ്ടങ്ങളും സങ്കടങ്ങളുമുണ്ടായി.

പ്രതിയാണെങ്കില്‍ അയാള്‍ ശിക്ഷ അനുഭവിക്കട്ടെ, പക്ഷെ പ്രതിയാണെന്ന് കോടതി തീരുമാനിക്കുന്നത് വരെ അയാള്‍ നിരപരാധിയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഈ അടുത്ത കാലത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി വന്നതിന് പിന്നാലെ പൊലീസ് തലപ്പത്തുണ്ടായ മാറ്റങ്ങള്‍ ദിലീപിന് വേണ്ടിയാണെന്ന് ചാനല്‍ ചർച്ചകളില്‍ ചിലർ പറയുന്നത് കേട്ടപ്പോള്‍ ദിലീപിനോട് എനിക്ക് ശരിക്കും വലിയ ബഹുമാനം തോന്നി. ഇത്രയും വലിയ ഉന്നത പിടിപാടുള്ള ആളാണല്ലോ എന്റെ സുഹൃത്തെന്ന് ആലോചിച്ചപ്പോഴാണ് ആ ബഹുമാനം തോന്നിയത്.

സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് അതില്‍ പ്രതിയായിട്ടുള്ള സ്വപ്ന സുരേഷ് പത്രമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് കേരളത്തില്‍ വലിയ പ്രക്ഷോഭം ആരംഭിച്ചത്. മുഖ്യമന്ത്രി, ഭാര്യ,മകള്‍ മുന്‍മന്ത്രി കെടി ജലീല് നളിനി നെറ്റോ എന്നിവരുടെയൊക്കെ പേര് പറഞ്ഞിരിക്കുന്നു. ഇങ്ങനെ ഒരു വെളിപ്പെടുത്തലുണ്ടായി സ്ഥിതിക്ക് ഇവരെ അറസ്റ്റ് ചെയ്യുകയും അന്വേഷണാത്മകമായി അകത്തിടുകയും ചെയ്യാമെന്നും ജോസ് തോമസ് വ്യക്തമാക്കുന്നു.

ഇതേ കാര്യമാണല്ലോ ദിലീപിന്റെ കാര്യത്തിലും സംഭവിച്ചത്. ഒരാള്‍ തുറന്ന് പറഞ്ഞതാണ് ഇവിടുത്തേയും വിഷയം. ബിരിയാണി ചെമ്പുകളില്‍ സ്വർണ്ണം ക്ലിഫ് ഹൌസിലേക്ക് കൊടുത്തുവിട്ടിരുന്നു. ദുബായിലേക്ക് കൊടുത്തുവിട്ട ബാഗില്‍ കറന്‍സികളായിരുന്നുവെന്ന് പറയുന്നു. ഇതെല്ലാം രാജ്യദ്രോഹകുറ്റമാണ്. അതിന്റെ പേരില്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്തുകൂടായെന്നും അദ്ദേഹം ചോദിക്കുന്നു.

പ്രതിപക്ഷത്തിന് വീണ് കിട്ടിയ ഒരു അവസരവുമായി അവർ കേരളത്തിലൂടനീളം ഉജ്ജ്വലമായ പ്രതിഷേധം സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ തന്നെയാണ് ചാനലിലെ അന്തിച്ചർച്ചകളില്‍ എല്ലാ പാർട്ടികളിലേയും നേതാക്കള്‍ വന്നിരിക്കുകയും അവരുടെ പാർട്ടിയിലെ നേതാക്കളെ ന്യായീകരിച്ച് പോകുന്നതും കാണാന്‍ സാധിക്കുന്നത്. എങ്ങനെ ന്യായീകരിക്കണമെന്ന് എല്ലാ സ്ഥലത്ത് നിന്നും കൃത്യമായി ബോധിപ്പിച്ച് കൊടുത്തിട്ടാണ് അവരെ അയക്കുന്നതെന്ന് അത് കാണുമ്പോള്‍ തന്നെ വ്യക്തമാണ്. ഇടക്കാലത്ത് എകെജി സെന്ററില്‍ നിന്നും കൊടുക്കുന്ന ക്യാപ്സൂളുകളെ കുറിച്ച് പറഞ്ഞ് കേള്‍ക്കാറുണ്ടായിരുന്നു. ഒരു തമാശയായിട്ട് മാത്രമാണ് ഞാന്‍ അതിനെ എടുക്കാറുണ്ടായിരുന്നു.
പിന്നീട് ഈ ക്യാപ്സൂളുകളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഒരു ചാനല്‍ പ്രതിനിധി പറഞ്ഞത്, ചാനല്‍ ചർച്ചയിലേക്ക് പ്രതിനിധികളെ അയക്കാന്‍ ഈ ചാനലിന്റെ ഉത്തരാവാദിത്തപ്പെട്ട പ്രൊഡ്യസർ എകെജി സെന്ററില്‍ വിളിച്ച് ചോദിക്കണം. അവരാണ് ആരെ അയക്കണമെന്ന് തീരുമാനിക്കുന്നത്. ഇതാണ് അവിടെ പറയേണ്ടതെന്ന് അവർ ക്യത്യമായി പറഞ്ഞുകൊടുത്തിരിക്കും. ഇതാണ് ക്യാപ്സൂള്‍ എന്ന് പറയും. ഇത് കേട്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. മറ്റ് രാഷ്ട്രീയ പാർട്ടികള‍ക്ക് അങ്ങനെ ഉണ്ടോന്ന് എനിക്ക് അറിയില്ല. കോണ്‍ഗ്രസുകാരെയൊക്കെ നേരിട്ട് വിളിക്കുകയാണെന്നും അവരുടെ ഉള്ളില്‍ തോന്നുന്ന കാര്യം അങ്ങ് പറയുകയാണെന്നുമാണ് മറ്റൊരു കോണ്‍ഗ്രസ് പ്രവർത്തകന്‍ എന്നോട് പറഞ്ഞത്.
വോട്ട് ചെയ്യുന്ന സാധാരണ പൌരന്‍ എന്ന നിലയ്ക്ക് എനിക്ക് തോന്നിയ ഒന്ന് രണ്ട് സംശയങ്ങളാണ് ഞാന്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ആലോചിക്കുന്നത്. ഇത് നീതിപീഠം കേള്‍ക്കാന്‍ വേണ്ടിയോ, ഇവിടുത്തെ നിയമപാലകരോ ഭരിക്കുന്നവരോ പ്രതിപക്ഷമോ കേള്‍ക്കാന്‍ വേണ്ടിയാണ്. നമ്മുടെ സാധാരണക്കാർക്ക് തോന്നുന്ന ചില സംശയങ്ങളാണ് ഇവിടെ ചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here