രാജ്യം സ്വയംപര്യാപ്‌തതയിലേക്ക്‌ എന്ന സ്വപ്‌നത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ യാത്രയ്‌ക്ക്‌ വ്യോമസേനയുടെ സഹകരണം

0

രാജ്യം സ്വയംപര്യാപ്‌തതയിലേക്ക്‌ എന്ന സ്വപ്‌നത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ യാത്രയ്‌ക്ക്‌ വ്യോമസേനയുടെ സഹകരണം. വാങ്ങാനുദ്ദേശിക്കുന്ന 114 യുദ്ധവിമാനങ്ങളില്‍ 96 എണ്ണവും ഇന്ത്യയില്‍ നിര്‍മിക്കണമെന്ന വ്യവസ്‌ഥ വയ്‌ക്കാനാണു നീക്കം.
“വിദേശത്തുനിന്നു വാങ്ങുമ്പോള്‍ത്തന്നെ ഇന്ത്യയില്‍ നിര്‍മിക്കുക” എന്നാണു ലക്ഷ്യം. വിദേശത്തെ കമ്പനിയുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ അവസരമൊരുക്കും. ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനെപ്പറ്റി വിദേശ യുദ്ധവിമാനക്കമ്പനികളുമായി പ്രാഥമിക ചര്‍ച്ച കഴിഞ്ഞതായാണു റിപ്പോര്‍ട്ട്‌.
മള്‍ട്ടിറോള്‍ ഫൈറ്റര്‍ വിമാനങ്ങള്‍ (എം.ആര്‍.എഫ്‌.എ) 114 എണ്ണം വാങ്ങുന്നതില്‍ 18 എണ്ണം മാത്രം നേരിട്ട്‌ ഇറക്കുമതി ചെയ്യാനാണു പദ്ധതി. തുടര്‍ന്ന്‌ 36 എണ്ണം വിദേശ കമ്പനിയുടെ പങ്കാളിത്തത്തോടെ ഇന്ത്യയില്‍ നിര്‍മിക്കണം. ഇവയുടെ വിലയില്‍ ഒരു ഭാഗം വിദേശ കറന്‍സിയായും ശേഷിക്കുന്ന തുക ഇന്ത്യന്‍ രൂപയായും നല്‍കും. തുടര്‍ന്നുള്ള 60 വിമാനങ്ങള്‍ വിദേശ കമ്പനിയുടെ സഹകരണത്തോടെ, ഇന്ത്യന്‍ കമ്പനിയുടെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ നിര്‍മിക്കണം. ഇതിനു പൂര്‍ണമായും ഇന്ത്യന്‍ രൂപയിലാകും പണം നല്‍കുക.
വിമാന/യുദ്ധവിമാന നിര്‍മാണ മേഖലയിലെ ആഗോള ഭീമന്മാരായ ബോയിങ്‌, ലോക്‌ഹീഡ്‌ മാര്‍ട്ടിന്‍, സാബ്‌, മിഗ്‌, ഇര്‍കുട്ട്‌ കോര്‍പ്പറേഷന്‍, ദാസോ ഏവിയേഷന്‍ എന്നിവര്‍ ടെന്‍ഡറില്‍ പങ്കെടുക്കുമെന്നാണു വിവരം.
ഫ്രഞ്ച്‌ സര്‍ക്കാര്‍ മുഖേന ദാസോ ഏവിയേഷനില്‍നിന്നാണ്‌ അടുത്തിടെ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയത്‌. ഹിന്ദുസ്‌ഥാന്‍ ഏറോനോട്ടിക്‌സ്‌ നിര്‍മിക്കുന്ന ലഘുയുദ്ധവിമാനമായ തേജസ്‌ മാര്‍ക്‌1എ 86 എണ്ണത്തിന്‌ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്‌. മിഗ്‌ വിമാനങ്ങള്‍ പടിപടിയായി സര്‍വീസില്‍നിന്നു നീക്കാനിരിക്കെ, വ്യോമസേനയ്‌ക്കു വിമാനങ്ങളുടെ പോരായ്‌മയുണ്ടാകാതെ നോക്കേണ്ടതുണ്ട്‌.
റാഫേലിന്റെ കാര്യക്ഷമതയോടു കിടനില്‍ക്കുന്ന വിമാനങ്ങളിലാണ്‌ വ്യോമസേനയുടെ നോട്ടം. അഞ്ചാംതലമുറ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി മുന്നോട്ടാണെങ്കിലും യാഥാര്‍ഥ്യമാകാന്‍ ഏറെ സമയമെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here