ചീഞ്ഞ മീനുകൾക്ക് പുറമേ പഴകിയ മാംസവും കേരളത്തിലേക്ക് വ്യാപകമായി എത്തുന്നു

0

ചീഞ്ഞ മീനുകൾക്ക് പുറമേ പഴകിയ മാംസവും കേരളത്തിലേക്ക് വ്യാപകമായി എത്തുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് മാംസം എത്തിക്കുന്ന സംഘങ്ങളും സംസ്ഥാനത്ത് വ്യാപകമാകുകയാണ്. രോഗംബാധിച്ചു ചത്ത കന്നുകാലികളുടെയും കോഴികളുടെയും മാംസമാണ് ഇത്തരത്തിൽ കുറഞ്ഞ വിലയ്ക്ക് കേരളത്തിൽ എത്തിക്കുന്നത്. ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നടപടികൾ ഊർജിതമാക്കി.

മുൻപൊക്കെ മാംസാവശ്യത്തിനായി കന്നുകാലികളെയാണ് വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തിച്ചിരുന്നത്. ഇപ്പോൾ മാംസം നേരിട്ട് എത്തിക്കുകയാണ്. ഇതിന്റെ പഴക്കം, ശുചിത്വം എന്നിവയെപ്പറ്റി ആശങ്കയുണ്ട്. അസുഖം വന്ന് ചത്ത മൃഗങ്ങളുടെ മാംസമാകനും സാധ്യത കൂടുതലാണ്. ഇവ ഭക്ഷ്യയോഗ്യമായ മാംസമാണോയെന്നു സംശയമുള്ളതിനാൽ നടപടികൾ കർശനമാക്കാനാണ് വകുപ്പിന്റെ തീരുമാനം. മാംസവിഭവങ്ങൾ വിൽക്കുന്ന ഭക്ഷണശാലകൾ കേന്ദ്രീകരിച്ചും പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്.

ട്രോളിങ് നിരോധനമുണ്ടായിട്ടും സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞിട്ടില്ല. ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിച്ച പഴകിയ 30,000 കിലോഗ്രാം മീനാണ് ഇതിനകം പിടികൂടി നശിപ്പിച്ചത്. ഉപയോഗിക്കാൻ കഴിയാത്ത മത്സ്യം നിരന്തരം കേരളത്തിലേക്കെത്തുന്നത് വകുപ്പിനും തലവേദനയാണ്.

ഭക്ഷ്യസുരക്ഷയെപ്പറ്റിയുള്ള അവബോധം കൂടിയതുകൊണ്ടുതന്നെ ടോൾഫ്രീ നമ്പർ, ഇ-മെയിൽ എന്നിവ വഴിയും നേരിട്ടും വകുപ്പിനു ലഭിക്കുന്ന പരാതികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിട്ടുണ്ട്. പരാതികൾ ഏറെയുണ്ടെങ്കിലും പരിശോധന നടത്താൻ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തത് നടപടി വൈകാനിടയാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here