വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചതിനെതിരെ പ്രക്ഷോഭ നിയമ പോരാട്ടങ്ങളുമായി രംഗത്തിറങ്ങാൻ സർവ്വകക്ഷി കർമ്മസമിതി രൂപീകരിച്ചു

0

ഇരിട്ടി: വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചതിനെതിരെ പ്രക്ഷോഭ നിയമ പോരാട്ടങ്ങളുമായി രംഗത്തിറങ്ങാൻ സർവ്വകക്ഷി കർമ്മസമിതി രൂപീകരിച്ചു. ആറളം, കൊട്ടിയൂർ, ബ്രഹ്മഗിരി വന്യജീവി സങ്കേതം ബഫർ സോൺ കർമ്മസമിതി എന്ന പേരിൽ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കായാണ് സർവകക്ഷി കർമ്മസമിതി രൂപീകരിച്ചത്.

തലശ്ശേരി അതിരൂപതയുടെയും ഇൻഫാമിന്റെയും പരിസ്ഥിതി ലോല ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം ചേർന്നാണ് സ്ഥിരം സ്വഭാവമുള്ള സംയുക്ത കർമ്മസമിതിക്ക് രൂപംകൊടുത്തിരിക്കുന്നത്. 14 ന് ആറളം, കൊട്ടിയൂർ, കേളകം, കണിച്ചാർ, അയ്യൻകുന്ന് പഞ്ചായത്തുകളിൽ മലയോര ഹർത്താൽ നടത്തും.

അന്ന് വൈകിട്ട് 5 ന് ഇരിട്ടിയിൽ ബഹുജന റാലിയും നടത്തും. പ്രധാനമന്ത്രി, കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി, കേന്ദ്ര നിയമ മന്ത്രി, കേരള മുഖ്യമന്ത്രി, കേരള വനം മന്ത്രി എന്നിവർക്ക് നിവേദനം നൽകും. സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധിയെന്ന നിലയിൽ ഏതു വിധത്തിലും പ്രതിസന്ധി ഒഴിവാക്കിയെടുക്കാനുള്ള കാര്യങ്ങളിൽ കർമ്മസമിതി സ്വന്തം നിലയ്ക്കും നിയമോപദേശം തേടും.

കർഷകനെ സ്വന്തം കൃഷിയിടത്തിൽ നിന്ന് ഒരു രൂപ നഷ്ടപരിഹാരം നൽകാതെ ഇറക്കി വിടാൻ കാരണമാകുന്നതാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായിട്ടുള്ള നിർഭാഗ്യകരമായ വിധിയെന്ന് ഉദ്ഘാടനം ചെയ്ത തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നിരിക്കുന്നത്. സുപ്രീംകോടതിയിൽ പുനപരിശോധനാ ഹർജി നൽകാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്.

നടപടിക്രമങ്ങൾ വൈകാതിരിക്കാൻ മുഖ്യമന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെടണം. പാളിച്ചകൾ ഉണ്ടാകാതിരിക്കാൻ ഏറ്റവും മികച്ച നിയമ വിദഗ്ധരെ കേസ് നടപടിക്രമങ്ങൾക്കായി ചുമതലപ്പെടുത്തണം. കേരളത്തെ രണ്ടായി കീറിമുറിക്കുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 5.5 ലക്ഷം ഏക്കർ സ്ഥലത്ത് കഴിയുന്ന 12 ലക്ഷത്തോളം കർഷകരാണ് വഴിയാധാരമാകുന്നത്.

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് തീരുമാനം. പ്രശ്‌നത്തിൽ രാഷ്ട്രീയ ചിന്തകൾക്കും മതചിന്തകൾക്കും അധീതമായുള്ള യോജിച്ച പോരാട്ടമാണ് ഉണ്ടാവേണ്ടതെന്നും ആർച്ച് ബിഷപ് പറഞ്ഞു. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ മുഖ്യാഥിതിയായി.

LEAVE A REPLY

Please enter your comment!
Please enter your name here