നിങ്ങൾ ഇപ്പോൾ എവിടെയാണ്, സുരക്ഷിതരല്ലേ, സാധാരണനിലയിൽ ആരെയും സന്തോഷിപ്പിക്കുന്ന ഈ സ്‌നേഹാന്വേഷണങ്ങൾ സ്വവർഗാനുരാഗികളായ ആലുവ സ്വദേശി ആദില നസ്രിനും കോഴിക്കോട് താമരശേരി സ്വദേശിയായ ഫാത്തിമ നൂറയ്ക്കും അപായമണിയാണ്

0

നിങ്ങൾ ഇപ്പോൾ എവിടെയാണ്, സുരക്ഷിതരല്ലേ, സാധാരണനിലയിൽ ആരെയും സന്തോഷിപ്പിക്കുന്ന ഈ സ്‌നേഹാന്വേഷണങ്ങൾ സ്വവർഗാനുരാഗികളായ ആലുവ സ്വദേശി ആദില നസ്രിനും (22) കോഴിക്കോട് താമരശേരി സ്വദേശിയായ ഫാത്തിമ നൂറയ്ക്കും (23) അപായമണിയാണ്. രണ്ടു യുവതികൾക്ക് ഒരു കുടുംബജീവിതം സാദ്ധ്യമാകുമോ എന്ന വേവലാതിയുമായി രക്ഷിതാക്കളും ബന്ധുക്കളും യാഥാസ്ഥിതിക സമൂഹവും അവരെ ഇപ്പോഴും വേട്ടയാടുകയാണ്. കൂടാതെ പോലീസും ഇവരുടെ പിന്നാലെയുണ്ട്.

എന്നാൽ ഇതൊന്നും കൂസാതെ മുന്നോട്ടു നീങ്ങാൻ തന്നെയാണ് യുവതികളുടെ തീരുമാനം. രണ്ടുപേരും ബി.എ ഇംഗ്ലീഷ് ബിരുദധാരികളാണ്. പഠനത്തിനൊപ്പം ഓൺലൈൺ വഴി ജോലിചെയ്ത് പണം സ്വരൂപിച്ചിട്ടുണ്ട്. അത്യാവശ്യം സമ്പാദ്യമുണ്ട്. സഹായസന്നദ്ധതയുമായി ഒരു സംഘം ഒപ്പമുണ്ട്. ചെന്നൈയിൽ ജോലി ലഭിക്കാനുള്ള വഴി തെളിഞ്ഞിട്ടുണ്ട്. കോടതിയുടെ ഇടപെടൽ നിമിത്തം സ്വതന്ത്രമായ ജീവിതമെന്ന സ്വപ്നവും സാക്ഷാത്കരിച്ചതിനാൽ പ്രതീക്ഷയോടെ ഇവർ മുന്നോട്ടുനീങ്ങുന്നു.
അസ്ഥിക്കു പിടിച്ച പ്രണയം
സൗദി അറേബ്യയിലെ പ്ലസ് വൺ പഠനകാലത്താണ് ഇരുവരും പരിചയത്തിലാകുന്നത്. എല്ലാ കാര്യങ്ങളും പരസ്പരം പങ്കു വയ്ക്കുമായിരുന്നു. തന്റെ സ്വത്വം ആദ്യം തിരിച്ചറിഞ്ഞത് നൂറയാണ്. ആണും പെണ്ണുമായിരുന്നെങ്കിൽ ഒരേ സമുദായക്കാരായ നമ്മൾക്ക് വിവാഹം കഴിക്കാമായിരുന്നെന്ന് ആദില തെല്ലു നിരാശയോടെ കൂട്ടുകാരിയോട് പറഞ്ഞിരുന്നു. ഇതു വെറും ആകർഷണമല്ലെന്നും അസ്ഥിക്കു പിടിച്ച പ്രണയമാണെന്നും പ്ലസ് ടു കാലത്ത് ഇരുവരും തിരിച്ചറിഞ്ഞു.
അതിനിടെ ചാറ്റുകൾ വീട്ടുകാർ പിടിച്ചെടുത്തതോടെ കാര്യങ്ങൾ കൈവിട്ടു . ഭീഷണിയും അനുനയവും മർദ്ദനമുറകളും തുടർന്നിട്ടും ബന്ധം തുടരുമെന്ന വാശിയിൽ കുട്ടികൾ ഉറച്ചുനിന്നതോടെ വീട്ടുകാർ ഇരുവരെയും നാട്ടിലേക്ക് അയച്ചു. പരസ്പരം ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടച്ചു. മറുപടി അയയ്ക്കരുതെന്ന നിബന്ധനയോടെ വല്ലപ്പോഴും അയയ്ക്കുന്ന ഇ-മെയിൽ സന്ദേശങ്ങളിലൂടെ ആദില നൂറയുടെ വിശേഷങ്ങൾ അറിഞ്ഞു.

മിക്‌സഡ് കോളേജിൽ പഠിച്ചാൽ മകളുടെ അസുഖം മാറുമെന്നായിരുന്നു ആദിലയുടെ ഉപ്പയുടെ ധാരണ. വിവാഹം കഴിഞ്ഞാൽ മകൾ സാധാരണക്കാരെ പോലെ ജീവിക്കുമെന്ന് നൂറയുടെ വീട്ടുകാർ വിശ്വസിച്ചു. മനസ് മാറ്റുന്നതിനായി മകളെ നിർബന്ധിത കൗൺസിലിംഗിനു വിധേയയാക്കി. കിടപ്പറയിലെ തന്റെ വീരകൃത്യങ്ങളാണ് പുരുഷ കൗൺസിലർ നൂറയോട് വിശദീകരിക്കുന്നതെന്ന് അറിഞ്ഞ ആദില ആകെ രോഷം കൊണ്ടു.

ഡിഗ്രി പരീക്ഷാഫലം വന്നതിനു പിന്നാലെ കഴിഞ്ഞ 19 ന് ആദില നൂറയെ കാണാൻ കോഴിക്കോട്ടെത്തി ഒരു സന്നദ്ധസംഘടനയിൽ ഇവർ അഭയം തേടി. എന്നാൽ നൂറയുടെ ബന്ധുക്കൾ പ്രശ്‌നമുണ്ടാക്കിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ ബന്ധുക്കൾ ഇരുവരെയും ആലുവ മുപ്പത്തടത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. 18 ന് നൂറയുടെ ബന്ധുക്കൾ ബലംപ്രയോഗിച്ച് അവളെ കൂട്ടിക്കൊണ്ടുപോയി. തടയാനുള്ള ശ്രമത്തിനിടയിൽ ആദിലയ്ക്ക് പരിക്കേറ്റു.

വീട്ടിൽ തുടരാൻ കഴിയില്ലെന്നു വന്നതോടെ ആദില കൊച്ചിയിലെ വനിതാകേന്ദ്രത്തിലേക്ക് താമസം മാറ്റി. നൂറയെ വീട്ടുകാർ തട്ടികൊണ്ടു പോയെന്ന് പരാതി നൽകിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്ന ആദിലയുടെ വെളിപ്പെടുത്തൽ വൈറലായി.
രക്ഷകനായി കോടതി
നിയമോപദേശം തേടി പ്രശസ്തരായ ചില അഭിഭാഷകരെ സമീപിച്ചെങ്കിലും അവർ കൈയൊഴിഞ്ഞു. വിധിനിയോഗം പോലെ അഡ്വ. അനീഷ് സഹായത്തിനെത്തി. നൂറയെ വിട്ടുകിട്ടാൻ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഉച്ചയോടെ നൂറയെ ഹാജരാക്കാൻ നിർദ്ദേശിച്ചു. ഇതിനിടെ ഇരുവരെയും ബിനാനിപുരം പൊലീസ് വിളിച്ചുവരുത്തിയിരുന്നു.
ഹൈക്കോടതിയുടെ നിർദ്ദേശം വന്നതോടെ വീട്ടുകാർ നൂറയെ കോടതിയിലെത്തിച്ചു. ഇവർ ഒരുമിച്ചു ജീവിക്കുന്നതിൽ എതിർപ്പില്ലെന്ന് വീട്ടുകാർ രേഖാമൂലം നൽകിയ അറിയിപ്പ് പൊലീസ് ഹാജരാക്കി. ഒരുമിച്ചു ജീവിക്കാനാണ് താത്പര്യമെന്ന് ഇരുവരും അറിയിച്ചതിനെ തുടർന്ന് കോടതി നൂറയെ ആദിലയ്ക്ക് ഒപ്പം വിട്ടു.
എല്ലാത്തിനും മറുപടിയുണ്ട് സ്വവർഗാനുരാഗികളെന്ന് ന്യൂനപനക്ഷ സമുദായക്കാരായ രണ്ടു പേർ പരസ്യമായി വെളിപ്പെടുത്തുന്ന ആദ്യ സംഭവം, ഒറ്റ സിറ്റിംഗിൽ കോടതി അനുകൂല വിധി നൽകിയ കേസ്, എന്നിങ്ങനെയുള്ള കാരണങ്ങളാൽ ഞങ്ങൾക്ക് ഏറെ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഒന്നരവർഷം മുമ്പാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന സംഘടനകളുമായി ബന്ധപ്പെടുന്നത്.

സ്വവർഗാനുരാഗികളുടെ അവകാശങ്ങളെയും നിയമപരിരക്ഷയെയും കുറിച്ച് ഞങ്ങൾ ആവശ്യമായ പരിജ്ഞാനം നേടിയിട്ടുണ്ട്. നെഗറ്റീവ് കമന്റുകൾ നേരിടാനുള്ള ത്രാണിയില്ലാത്തതിനാൽ സോഷ്യൽ മീഡിയ ഒഴിവാക്കിയെങ്കിലും ഞങ്ങളുടെ അനന്തര തലമുറയെക്കുറിച്ചാണ് പ്രധാന ചർച്ചയെന്ന് മറ്റുള്ളവർ പറഞ്ഞറിഞ്ഞു.വിവാഹത്തെ കുഞ്ഞുങ്ങളുമായി കൂട്ടിക്കെട്ടുന്നതുകൊണ്ടാണ് സമൂഹം ഇങ്ങനെ ചിന്തിക്കുന്നത്. അത്തരം കാര്യങ്ങളെ കുറിച്ചൊന്നും ഇപ്പോൾ ആലോചിക്കുന്നില്ല. അല്ലെങ്കിൽ തന്നെ ജനസംഖ്യ കൂടുതലുള്ള ഈ രാജ്യത്ത് കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടായിട്ട് എന്താണ് കാര്യം. ആദിലയും നൂറയും പറഞ്ഞു നിർത്തി

LEAVE A REPLY

Please enter your comment!
Please enter your name here