യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്തേക്ക് കടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി

0

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്തേക്ക് കടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിജയ് ബാബു തിരിച്ചെത്തിയത്. ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം, തിരികെയെത്തുന്നത്. സത്യം തെളിയുമെന്നും കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും നടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

നാട്ടിലെത്തിയാലുടൻ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. അറസ്റ്റ് ചെയ്യരുതെന്ന് നിർദേശമുള്ളതിനാൽ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുണ്ട്. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്.

പീഡന പരാതി ഉയർന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരികെയെത്തിക്കാൻ അന്വേഷണസംഘം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാൽ മാത്രമേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളുവെന്ന് കോടതിയും നിലപാടെടുത്തിരുന്നു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവിൽ പോകാനുള്ള സാധ്യത കൂടി മുൻനിർത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.

അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് നേരത്തെ അറിയിച്ച സമയത്ത് തിരിച്ചെത്താതിരുന്നതെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ നടൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നെടുമ്പാശ്ശേരിയിൽ നിന്ന് കേസ് രജിസ്റ്റർ ചെയ്ത സൗത്ത്‌ പൊലീസ് സ്റ്റേഷനിലെത്തി വിജയ്ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും. അറസ്റ്റ് ചെയ്യരുതെന്ന് നിർദേശമുള്ളതിനാൽ വിജയ് ബാബുവിനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. മാർച്ച് മാസം 16, 22 തീയതികളിൽ വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന് യുവനടി നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാൾ വിദേശത്തേക്ക് കടന്നത്.

അതേസമയം, നടിയുമായി ഒത്തുതീർപ്പിന് ഒരു പ്രമുഖ നടനും ഭാര്യയും ശ്രമിക്കുന്നുണ്ട് എന്നാണ് സൂചനകൾ. കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയ് ബാബുവും കൂട്ടാളികളും തുടരുകയാണ്. നടന്നത് ബലാൽസംഗം അല്ല ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗീക ബന്ധമാണെന്ന് സ്ഥാപിക്കാൻ വിജയ് ബാബുവിന്റെ സുഹൃത്ത് വിവാഹ മോചിതായായ ഒരു സ്ത്രീ നടിയെ സമീപിച്ചു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കൂടാതെ യുവ നടിയുടെ അമ്മയെയും സ്വാധീനിക്കാൻ ഇതിനോടകം ശ്രമം നടന്നിരുന്നു. എന്നാൽ തന്നെ മദ്യം നൽകി മയക്കിയ ശേഷം ബലാൽസംഗം ചെയ്തു എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യുവനടി.
അതിനിടെ ക്രെഡിറ്റ് കാർഡുകൾ എത്തിച്ചുനൽകിയ യുവനടനെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഉപതിരഞ്ഞെടുപ്പിന് ശേഷമാകും കൂടുതൽ ചോദ്യം ചെയ്യൽ. വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തിലാണെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. യാത്രാരേഖകൾ ഇല്ലാത്തതിനാൽ ദുബായ് പൊലീസിന്റെ സഹകരണത്തോടെ ഇന്റർപോളിനു വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാമെങ്കിലും ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണമുള്ളതിനാൽ അതിനു കഴിഞ്ഞിട്ടില്ലെന്നാണു സൂചന.

ദുബായിൽ ഒരുമാസത്തോളമായി ഒളിവിലുള്ള വിജയ് ബാബു കൈയിലുള്ള പണം തീർന്നതിനെ തുടർന്ന് ക്രെഡിറ്റ് കാർഡുകൾ കൈമാറാൻ സുഹൃത്തായ നടനോട് ആവശ്യപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സിനിമാ ലൊക്കേഷനിലായിരുന്ന നടന് വിജയ് ബാബുവിന്റെ അടുത്ത ബന്ധു കാർഡ് എത്തിച്ച് നൽകുകയായിരുന്നു. തുടർന്ന് നടൻ ദുബായിലെത്തിയാണ് കാർഡുകൾ കൈമാറിയത്.
നടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മലയാള സിനിമയിൽ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 – 14/04/2022 യുള്ള കാലയളവിൽ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ പ്രവൃത്തിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിൻ്റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തൻ്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി .തുടർന്നു മദ്യം നൽകി, അവശയാക്കി, അതിൻ്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്സിൽ ഏർപ്പെടാനുള്ള സമ്മതം ഞാൻ നിഷേധിച്ചു.
പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്തു. Happy Pill പോലുള്ള രാസ ലഹരി വസ്തുക്കൾ കഴിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ ഞാൻ അത് നിഷേധിച്ചു. മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ‘ എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ഒരു കാറിൽ വെച്ച് ഓറൽ സെക്സിനു എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. എൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന, എൻ്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ. അയാളിൽ നിന്ന് ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാൾ എന്റെ പിന്നാലെ വരും. അവനിൽ നിന്ന് ഞാൻ അനുഭവിച്ച ശാരീരിക മാനസിക പീഢനങ്ങൾക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളിൽ എനിക്ക് കഥാപാത്രങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാൽ എൻ്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്കൊണ്ടായിരുന്നില്ല.
ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിർബന്ധിക്കുകയും ചെയ്തു. എൻ്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു.
അയാൾ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച് , ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു. എന്റെ ഒരു നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എൻ്റെ ജീവൻ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഞാൻ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.
ജീവിതത്തിൽ, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളിൽ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാൻ സംസാരിക്കാൻ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.

LEAVE A REPLY

Please enter your comment!
Please enter your name here