ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ പോലീസ് ചാര്‍ജ് ചെയ്ത കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി നടനും നിർമാതാവുമായ വിജയ് ബാബു

0

കൊച്ചി: ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ പോലീസ് ചാര്‍ജ് ചെയ്ത കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി നടനും നിർമാതാവുമായ വിജയ് ബാബു. ഇത് വെള്ളിയാഴ്ച പരിഗണിക്കും. ഇര തന്നെയാണ് ഫെയ്സ്ബുക്കിലൂടെ തന്റെ പേര് ആദ്യം വെളിപ്പെടുത്തിയതെന്ന് ഹര്‍ജിയില്‍ വിജയ് ബാബു ആരോപിക്കുന്നു. തന്റെ പേരില്‍ ബലാത്സംഗ ആരോപണവും ഉന്നയിച്ചു. ഈ ആരോപണം ചെറുക്കാനുള്ള ശ്രമം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായത്. ഇരയുടെ പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

അതിനിടെ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണിത്. അറസ്റ്റ് വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് അതുവരെ തുടരുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചില്‍ വിജയ് ബാബു തന്നെ രണ്ട് തവണ പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. ഇതിനു പിന്നാലെ ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി അറസ്റ്റ് വിലക്കിയതിനെ തുടര്‍ന്നാണ് നാട്ടില്‍ മടങ്ങിയെത്തിയത്.
നടിയെ പീഡിപ്പിച്ച കേസിൽ പുതിയ വഴിത്തിരിവുകൾ ഇങ്ങനെ
കൊച്ചി: ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനായി 2 ക്ര‍െഡിറ്റ് കാർഡുകൾ ദുബായിയിൽ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. താരത്തിന്റെ അടുത്ത സുഹൃത്താണ് ഇത് എത്തിച്ച് നൽകിയത്. നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീർന്നതിനെ തുടർന്നാണു ക്രെഡിറ്റ് കാർഡുകൾ എത്തിച്ചു തരാൻ വിജയ് ബാബു സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്.
തൃശൂർ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിയിലെത്തി ക്രെഡിറ്റ് കാർഡുകൾ കൈമാറിയതെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ച മലയാളി നടിയെ അടുത്ത ദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യും. പീഡനക്കേസിൽ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകൾക്കും സിനിമാ നിർമാണ പ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്നത് ഈ നടിയാണ്.

അതേസമയം ബലാത്സംഗ കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിദേശത്തുള്ള വിജയ് ബാബു നാട്ടിലെത്തിയിട്ട് പോരെ തുടർ നടപടികളെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി സർക്കാരിനോരാഞ്ഞിരുന്നു. നിയമത്തിന്റെ മുന്നിൽ നിന്നും ഒളിച്ചോടിയ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.

അതേസമയം വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. മുപ്പതാം തീയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ഇന്നലെ ജസ്റ്റിസ് പി ഗോപിനാഥ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറായത്. ഈ മാസം 30 നുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളും എന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടെ താൻ നിർമിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നൽകിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് കാണിച്ച് നടനും സംവിധായകനുമായ വിജയ് ബാബു ഹൈക്കോടതിയിൽ ഉപഹർജി നൽകി.
ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും മറ്റുള്ള ആരോപണം തന്നെ ഭീഷണിപ്പെടുത്താനാന്നെന്നും ഉപഹർജിയിൽ പറയുന്നു. നിലവിൽ ദുബായിലാണെന്നും കോടതി നിർദേശിക്കുന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്നും അറിയിച്ചു.
മേയ് 30-ന് രാവിലെ ഒൻപതിന് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിലേക്കെടുത്ത വിമാന ടിക്കറ്റിന്റെ പകർപ്പും ഹാജരാക്കി. നാട്ടിലേക്ക് എത്തിയാലെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുവെന്ന് കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
യുവനടിയുമായി അടുത്ത ബന്ധമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും മുദ്രവെച്ച കവറിൽ വിജയ് ബാബു കോടതിയിൽ സമർപ്പിച്ചു. മാർച്ച് 16-ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാർട്ടുമെന്റിൽ വെച്ചും 22-ന് ഒലിവ് ഡൗൺടൗൺ ഹോട്ടലിൽ വെച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം.
നടിയെ 2018 മുതൽ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി അവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ഉപഹർജിയിൽ പറയുന്നു. നടിയോടൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്ന സമയത്ത് നടിയുടെ അടുത്ത സുഹൃത്തും ഒപ്പം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖയും കോടതിയിൽ ഹാജരാക്കി. നടി നിരന്തരം അയച്ച സന്ദേശങ്ങളും കൈമാറി.
ഇവർ പലതവണ പണം കടംവാങ്ങിയിരുന്നു. ഏപ്രിൽ 14-ന് തന്നോടൊപ്പം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറിസോണിലെ ഗസ്റ്റ് ഹൗസിലെത്തിയ നടി തന്റെ ഫോണിലേക്ക് വന്ന കോൾ എടുക്കുകയും വിളിച്ചയാളോട് ഇനി വിളിക്കരുതെന്നും പറഞ്ഞു. പുതിയ സിനിമയിൽ അവസരം നൽകിയ നടിയോടാണ് പരാതിക്കാരി ഇത്തരത്തിൽ സംസാരിച്ചത്. ഇത് ചോദ്യം ചെയ്തപ്പോൾ നടി ദേഷ്യത്തോടെ ഇറങ്ങിപ്പോയി.
ഏപ്രിൽ 15-ന് ഫ്ലാറ്റിൽ വീണ്ടും വന്ന നടി ക്ഷമ പറഞ്ഞു. അന്ന് അവിടെ തങ്ങുകയും ചെയ്തു. പുതിയ സിനിമയിൽ അവസരം നൽകിയ നടിയെ വിളിച്ച് ക്ഷമയും പറഞ്ഞു. ഏപ്രിൽ 18-ന് പുതിയ സിനിമയിൽ അവസരം നൽകിയ നടിയും അവരുടെ അമ്മയുമായി കോഫി ഹൗസിൽ സംസാരിച്ചിരിക്കെ അവിടെ വന്ന നടി ഇരുവരോടും തട്ടിക്കയറി.
ഏപ്രിൽ 21-ന് ചിത്രീകരണ ആവശ്യത്തിനായി താൻ ഗോവയ്ക്ക് പോയി. തുടർന്ന് ഗോൾഡൻ വിസയുടെ പേപ്പറുകൾ നൽകാൻ ഏപ്രിൽ 24-ന് ദുബായിലെത്തിയെന്നും ഉപഹർജിയിൽ പറയുന്നു.
അതേസമയം വിജയ് ബാബു അന്വേഷണത്തിനു സഹകരിക്കുന്നില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. തനിക്കെതിരെ പെൺകുട്ടി പരാതിയുമായി രംഗത്ത് എത്തിയതിനു തൊട്ടു പിന്നാലെ വിജയ് ബാബു വിദേശത്തേക്കു കടക്കുകയായിരുന്നു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന കരാറുകൾ ഇല്ലാത്ത രാജ്യത്തേക്കു കടക്കാനും വിജയ് ബാബുവിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടായി.
കൊച്ചിയിലേക്കുള്ള ഇന്നത്തെ വിമാന യാത്രക്കാരുടെ പട്ടികയിൽ വിജയ് ബാബു ഉണ്ടായിരുന്നില്ല. മടങ്ങിയെത്തിയില്ലെങ്കിൽ ഇന്നു വൈകിട്ട് അഞ്ചിന് ശേഷം റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു. ഇതിന്റെ പിന്നാലയാണ് ടിക്കറ്റ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. ‌
നടിയുടെ പരാതിയെ തുടർന്ന് ഏപ്രിൽ 29-നാണ് വിജയ് ബാബു മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. തുടർന്ന് സർക്കാരിന്റെ നിലപാട് തേടിയ ശേഷം വേനലവധിക്കുശേഷം പരിഗണിക്കാനായി ഹർജി മാറ്റുകയായിരുന്നു.
ഹർജിയിൽ താൻ പീഡപ്പിച്ചില്ലെന്ന വാദമാണ് വിജയ് ബാബു ഉയർത്തുന്നത്. സിനിമാ രംഗത്തെ പകയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു. തന്റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയതെന്നുമാണ് വിജയ് ബാബുവിന്റെ വാദങ്ങൾ.
അതേസമയം നടിയുടെ പരാതിയെത്തുടർന്ന് പൊലീസ് കേസ് എടുത്തതോടെ വിജയ് ബാബു ദുബായിലേക്ക് കടന്നിരുന്നു. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പൊലീസ് ശക്തമാക്കി. പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോർട്ട് റദ്ദാക്കുകയും ചെയ്തു. ഇതോടെ വിജയ് ബാബു ജോർജിയയിലേക്ക് കടന്നെന്നാണ് പൊലീസ് പറയുന്നത്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോർജിയ.
ജോർജിയയിൽ ഇന്ത്യൻ എംബസിയില്ല. സമീപരാജ്യമായ അർമേനിയയിലാണ് എംബസിയുള്ളത്. അവിടുത്തെ സ്ഥാനപതിക്കാണ് ജോർജിയയുടെയും ചുമതല. അർമേനിയൻ എംബസിയുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് പൊലീസ് നീക്കം. ഈ നീക്കത്തിലൂടെ വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താമെന്നും പിടികൂടി നാട്ടിലെത്തിക്കാൻ സാധിക്കുമെന്നുമാണ് പൊലീസ് പ്രതീക്ഷ. വിജയ് ബാബു എത്രയുംപെട്ടെന്ന് കീഴടങ്ങണമെന്ന് പൊലീസ് അന്ത്യശാസനം നൽകി.
മെയ്‌ 24-നകം ഹാജരായില്ലെങ്കിൽ വിജയ് ബാബുവിനെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും വിജയ് ബാബുവിനെതിരേ നിലവിലുണ്ട്. പാസ്‌പോർട്ട് റദ്ദാക്കി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്നതോടെ പ്രതി വിജയ്ബാബുവിനു കീഴടങ്ങേണ്ടിവരുമെന്നാണു സിറ്റി പൊലീസിന്റെ പ്രതീക്ഷ. 24നുള്ളിൽ കീഴടങ്ങാൻ തയാറായില്ലെങ്കിൽ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടാൻ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
അതിനിടെ കേസിന്റെ പശ്ചാത്തലത്തിൽ വെബ്‌സീരീസ് നിർമ്മിക്കാൻ വിജയ് ബാബുവുമായി ബഹുരാഷ്ട്ര കമ്പനി ഉണ്ടാക്കിയ കോടികളുടെ കരാർ റദ്ദാക്കിയതായാണ് വിവരം. വെബ്‌സീരീസിനു വേണ്ടി വിജയ്ബാബുവുമായി 50 കോടി രൂപയുടെ കരാറിലേർപ്പെട്ടിരുന്നത് ഒടിടി കമ്പനിയായിരുന്നു. മലയാള നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ ഈ കരാർ ഏറ്റെടുക്കാൻ നീക്കം നടത്തിയിട്ടുണ്ട്.
മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ്ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങൾ കൊച്ചി സിറ്റി പൊലീസിനോടു തിരക്കിയിട്ടുണ്ട്. സമാനമായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ നിർമ്മാതാവിന് ഇന്ത്യയിൽ തിരിച്ചെത്തിയെ മതിയാകൂ എന്നാണ് പൊലീസും കണക്കു കൂട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here