കാട്ടാന ഇറങ്ങുന്നതിന് മുന്നറിയിപ്പ് നൽകുന്ന പുത്തൻ സംവിധാനം തൃശൂരിൽ പ്രവർത്തനം ആരംഭിച്ചു

0

തൃശൂർ: കാട്ടാന ഇറങ്ങുന്നതിന് മുന്നറിയിപ്പ് നൽകുന്ന പുത്തൻ സംവിധാനം തൃശൂരിൽ പ്രവർത്തനം ആരംഭിച്ചു. കാട്ടാനയിറങ്ങി അപകടങ്ങൾ പതിവായ തുമ്പൂർമുഴി മേഖലയിലാണ് റോഡിൽ മുന്നറിയിപ്പ് സംവിധാനം പ്രവർത്തനം ആരംഭിച്ചത്. വനത്തിനുള്ളിൽ വച്ചിരിക്കുന്ന കാമറകളിൽനിന്നുള്ള സിഗ്നൽ അനുസരിച്ച് റോഡിലെ മുന്നറിയിപ്പു ബോർഡ് തെളിയുന്ന വിധത്തിലാണ് സംവിധാനം.

വനത്തിലുള്ളിൽ രണ്ടിടത്ത് വച്ചിരിക്കുന്ന ക്യാമറകളുടെ 100 മീറ്റർ പരിധിയിൽ രാത്രിയോ പകലോ ആനകൾ എത്തിയാൽ ചിത്രം ക്യാമറ സെൻസറുകൾ വഴി സർവ്വറിൽ എത്തും. സെർവറിൽ നിന്ന് മൊബൈൽ നമ്പറുകളിലേക്ക് അറിയിക്കുന്നതോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എലിഫന്റ് ഡിറ്റക്ഷൻ സംവിധാനം വഴി റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ബോർഡ് കളിലൂടെ യാത്രക്കാർക്ക് മുന്നറിയിപ്പ് ലഭിക്കും. ആനകൾ റോഡിന്റെ അരികത്ത് എത്തിയാൽ ബോർഡിൽ മലയാളത്തിലും ഇംഗ്ലീഷിലും അപകടം മുന്നറിയിപ്പും ചുവന്ന ലൈറ്റുകൾ തെളിയും. ഇതോടൊപ്പം എസ്.എം.എസ്. അലർട്ടും ഉണ്ടാകും.

ആനകൾ ഇല്ലെങ്കിൽ ബോർഡിലും മുന്നറിയിപ്പുകൾ ഒന്നും ഉണ്ടാകില്ല. ഈ മുന്നറിയിപ്പു രീതി വിജയിച്ചാൽ ആനകളുടെ ഭീഷണി കൂടുതലായുള്ള വനാതിർത്തിയിലെ റോഡുകളിൽ ഇത്തരം മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിനു പദ്ധതിയുണ്ടെന്ന് വനപാലകർ പറഞ്ഞു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പകലും രാത്രിയും പ്രവർത്തിക്കുന്ന തെർമൽ ഡിറ്റക്ഷൻ കാമറ വഴിയാണ് ഇതിന്റെ പ്രവർത്തനം. 100 മീറ്റർ അകലെ ആനകൾ എത്തിയാൽ പതിയുന്ന ചിത്രങ്ങളിൽനിന്ന് വലിപ്പവും രീതികളും തിരിച്ചറിഞ്ഞ് ആനയാണ് എന്ന് നിർമിത ബുദ്ധി വഴി ഉറപ്പുവരുത്തും. തുടർന്ന് വനപാലകരുടെ മൊബൈൽ ഫോണുകളിലേക്കും എൽഇഡി ബോർഡുകളിലേക്കും സന്ദേശമെത്തിക്കും. ആന അപകട സാധ്യതാ മേഖലകളിൽനിന്നും മാറുമ്പോൾ തന്നെ മുന്നറിയിപ്പ് നിലയ്ക്കും.

കാമറകൾക്കും സെർവറിനും എൽഇഡി ബോർഡുകൾക്കും അനുബന്ധ ഉപകരണങ്ങളും ആയി ആകെ രണ്ടു ലക്ഷത്തോളം രൂപയാണ് ചെലവ്. കൊച്ചി ആസ്ഥാനമായുള്ള ഇൻവെൻഡോയ് ടെക്‌നോളജി എന്ന കമ്പനിയാണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here