താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി മടങ്ങുകയും പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മേപ്പാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്ത 12 കാരന്‍ മരിച്ചു

0

സുല്‍ത്താന്‍ബത്തേരി: താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി മടങ്ങുകയും പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മേപ്പാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്ത 12 കാരന്‍ മരിച്ചു. ഒന്നാംമൈല്‍ വടക്കേതില്‍ അബൂബക്കര്‍ – ഷാദിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹനസ് (12) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.

പനിയെ തുടര്‍ന്ന് അഹനസ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയില്‍ എത്തി ചികിത്സതേടി മടങ്ങിയിരുന്നു. വീണ്ടും പനി മൂര്‍ച്ഛിച്ചതിനെ തുടർന്ന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ചതാണെന്നാണ് ലഭ്യമാകുന്ന വിവരം. ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് അഹനസ്. അമീന്‍ ഏകസഹോദരനാണ്.

ഡെങ്കിപ്പനി ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍…

​​​​​​​പലപ്പോഴും ഡെങ്കിപ്പനിയെ സാധാരണ പനിയായും ജലദോഷമായും എല്ലാം തെറ്റിദ്ധരിക്കാറുണ്ട്. തീവ്രത കുറഞ്ഞ രീതിയില്‍ മാത്രം ലക്ഷണങ്ങള്‍ കാണുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ സീസണ്‍ ആകുമ്പോള്‍ കഴിവതും ലക്ഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുക.

ഉയര്‍ന്ന പനി, തലവേദന, കണ്ണിന് പുറകില്‍ വേദന, ശക്തമായ തളര്‍ച്ച, പേശീവേദന (ശരീരവേദന), ഛര്‍ദ്ദി, ചര്‍മ്മത്തില്‍ ചെറിയ പാടുകളോ അടയാളങ്ങളോ കാണുക എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ഇവ കാണുന്ന പക്ഷം ഡെങ്കിപ്പനിയുടെ പരിശോധന നടത്തേണ്ടതാണ്. രോഗം സ്ഥിരീകരിച്ചാല്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ ചികിത്സയുമായി മുന്നോട്ടുപോകാം. ഡെങ്കിപ്പനിക്ക് സവിശേഷമായി ചികിത്സയില്ല. എന്നാല്‍ രക്താണുക്കള്‍ കുറയുന്ന സാഹചര്യം, പനി എന്നിവയ്ക്കെല്ലാം പ്രത്യേകം ചികിത്സയുണ്ട്. ഇത് നിര്‍ബന്ധമായും തേടിയേ പറ്റൂ.

LEAVE A REPLY

Please enter your comment!
Please enter your name here