എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിത ജീവിതത്തോട് പൊരുതുകയായിരുന്നു വിമലകുമാരി

0

രാജപുരം: എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിത ജീവിതത്തോട് പൊരുതുകയായിരുന്നു വിമലകുമാരി. മകള്‍ ജനിച്ച അന്നുതൊട്ട് 28 വര്‍ഷത്തെ നീറ്റല്‍. പ്രതിസന്ധിഘട്ടങ്ങളെയെല്ലാം അതിജീവിക്കാന്‍ ശ്രമിക്കുമ്പോഴും സ്വന്തം മകൾ ആ അമ്മയ്ക്ക് ഒരു തീരാ നോവായിരുന്നു.ജീവിതത്തിൽ ഇനി എന്ത് എന്നറിയാതെ ആയിരിക്കണം മകളുടെ ജീവനെടുത്ത് ആ ‘അമ്മ സ്വയം ഇല്ലാതായത്. എന്നും ഉള്ളിലൊരു പിടച്ചലായിരുന്നു വിമലകുമാരിക്ക് മകള്‍.

മാനസികവളര്‍ച്ച കുറഞ്ഞതിനാല്‍ തനിക്കുശേഷം ആരും സംരക്ഷിക്കാനുണ്ടാകില്ലെന്ന തിരിച്ചറിവാകാം മരണത്തിലും മകളെ ഒപ്പം കൂട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 20 വര്‍ഷം മുന്‍പ് ഭര്‍ത്താവ് രഘുനാഥന്‍ നായര്‍ കിണറ്റില്‍വീണ് കിടപ്പിലായതോടെ തുടങ്ങിയതാണ് വിമലകുമാരിയുടെ സങ്കടം. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം ഭര്‍ത്താവ് മരിച്ചപ്പോഴും തളര്‍ന്നില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കാക്കാനുള്ള പ്രയാണത്തിലായിരുന്നു അവര്‍. സഹായത്തിനുണ്ടാകുമെന്ന് കരുതിയ ആണ്‍മക്കള്‍ ഇതിനിടെ കുടുംബവുമായി ജീവിതം തുടങ്ങിയിരുന്നു. ജോലി ആവശ്യാര്‍ഥം വീട്ടില്‍നിന്ന് ഇവര്‍ പോവുകയും ചെയ്തതോടെ ഇവര്‍ ഒറ്റയ്ക്കായി.

ജീവിതം എന്നും ദുരിതത്തിലായ വിമലകുമാരിക്ക് ഏക ആശ്വാസമെന്നത് ചാമുണ്ഡിക്കുന്ന് സ്‌കൂളിലെ പാചകത്തൊഴിലായിരുന്നു. സ്‌കൂളിലെത്തുന്ന കുട്ടികളുടെ കളിചിരിയായിരുന്നു വിമലകുമാരിയുടെ സന്തോഷം. ഇതിനിടെയാണ് കോവിഡെത്തിയത്. തുടര്‍ന്നാണ് വര്‍ഷങ്ങളായി ബിരിക്കുളത്തെ അനാഥാലയത്തിലാക്കിയിരുന്ന മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് അമ്മയും മകളും മാത്രമായ ലോകത്തായിരുന്നു ഇരുവരും. എന്നാല്‍ സ്‌കൂള്‍ തുറക്കാറായതോടെ മകള്‍ രേഷ്മയെ വീണ്ടും അനാഥാലയത്തിലേക്ക് കൊണ്ടുവിടാനുള്ള തീരുമാനത്തിലായിരുന്നു വിമലകുമാരി. എന്നാല്‍ രേഷ്മയ്ക്ക് വീട് വിട്ട് പോകാന്‍ താത്പര്യക്കുറവുണ്ടായിരുന്നതായി പറയപ്പെടുന്നു. മകളെ വീട്ടിലാക്കി ജോലിക്ക് പോകാനും കഴിയില്ലന്ന വിഷമമായിരിക്കാം വിമലകുമാരി ഈ കടുംകൈക്ക് മുതിര്‍ന്നതെന്ന് കരുതുന്നതായി പോലീസ് പറയുന്നു.

വിമലകുമാരിയുടെയും മകളുടെയും മരണം ഇപ്പോഴും ആര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. വിവരമറിഞ്ഞ് നിരവധിപേരാണ് ഇവിടേക്കെത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയാണ് മരിച്ചതെന്നറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, ബേക്കല്‍ ഡിവൈ.എസ്.പി. സി.കെ. സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here