മലയാളഭാഷയ്‌ക്ക്‌ ഏകീകൃത എഴുത്ത്‌, അച്ചടി രീതിയും ലിപിയും. സ്‌കൂള്‍ പാഠപുസ്‌തകത്തിനു പുറത്തായ അക്ഷരമാല വീണ്ടും അകത്തേക്ക്‌

0

തിരുവനന്തപുരം: മലയാളഭാഷയ്‌ക്ക്‌ ഏകീകൃത എഴുത്ത്‌, അച്ചടി രീതിയും ലിപിയും. സ്‌കൂള്‍ പാഠപുസ്‌തകത്തിനു പുറത്തായ അക്ഷരമാല വീണ്ടും അകത്തേക്ക്‌. കഴിഞ്ഞദിവസമാണ്‌ ഭാഷാനിര്‍ദേശകവിദഗ്‌ധസമിതി റിപ്പോര്‍ട്ട്‌ അംഗീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌.
അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്‌തകം അച്ചടി പൂര്‍ത്തിയായതിനാല്‍ ഒട്ടിച്ചുചേര്‍ക്കാന്‍ സൗകര്യപ്രദമായ വിധത്തില്‍ മലയാള അക്ഷരമാല പ്രത്യേകം കടലാസില്‍ അച്ചടിച്ചു നല്‍കുകയോ കാര്‍ഡു രൂപത്തില്‍ ലഭ്യമാക്കുകയോ ചെയ്യണമെന്ന്‌ ഭാഷാ മാര്‍ഗനിര്‍ദേശ വിഗ്‌ദ സമിതി.
അക്ഷരമാല വീണ്ടും പാഠപുസ്‌തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നു ഭാഷാ മാര്‍ഗനിര്‍ദേശക വിദഗ്‌ധ സമിതി ശുപാര്‍ശ ചെയ്‌തിരുന്നു. ഇതില്‍ 13 സ്വരാക്ഷരങ്ങള്‍ക്കൊപ്പം അം (അനുസ്വാരം), അഃ (വിസര്‍ഗം) എന്നിവ പ്രത്യേകം രേഖപ്പെടുത്തണമെന്നും ശുപാര്‍ശയുണ്ട്‌. ഭാഗിക ലിപി പരിഷ്‌കരണവും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ അധ്യയനവര്‍ഷത്തെ പാഠപുസ്‌തകങ്ങള്‍ അച്ചടിച്ചുകഴിഞ്ഞതിനാല്‍ പരിഷ്‌കരിച്ച ലിപി അനുസരിച്ച്‌ അവ തയാറാക്കാനായിട്ടില്ല. പാഠപുസ്‌തകങ്ങളില്‍ മലയാളം അക്ഷരമാല ഉള്‍പ്പെടുത്തണമെന്ന്‌ വിദഗ്‌ധസമിതി നിര്‍ദേശിച്ചെങ്കിലും അച്ചടി കഴിഞ്ഞതിനാല്‍ അതും അടുത്തവര്‍ഷമേ നടക്കൂ എന്ന സ്‌ഥിതിവന്നു.ഇതു മറികടന്ന്‌ ഈ വര്‍ഷം തന്നെ അക്ഷരമാല വിദ്യാര്‍ഥികളിലെത്തിക്കാനാണ്‌ പുതിയ നിര്‍ദേശം.
2013ല്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ പുതിയ പാഠപുസ്‌തകങ്ങള്‍ വന്നപ്പോഴാണ്‌ അക്ഷരമാല അപ്രത്യക്ഷമായത്‌. ഇതിനെതിരേ ഭാഷാ സ്‌നേഹികള്‍ രംഗത്തുവരികയും അക്ഷരമാല പുസ്‌തകങ്ങളില്‍ പുനസ്‌ഥാപിക്കാന്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കാന്‍ ഭാഷാ മാര്‍ഗനിര്‍ദേശ വിദഗ്‌ധ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ നിര്‍ദേശപ്രകാരം അക്ഷരമാല പാഠപുസ്‌തകത്തില്‍ വീണ്ടും ചേര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നത സമിതി തീരുമാനിക്കുകയായിരുന്നു.
മലയാളഭാഷയുടെ എഴുത്തുസമ്പ്രദായത്തിലും അച്ചടിയിലും ഏകീകൃത രീതി നടപ്പാക്കുവാനുള്ള ഭാഷാനിര്‍ദേശക വിദഗ്‌ധസമിതി റിപ്പോര്‍ട്ട്‌ അംഗീകരിച്ചതിനൊപ്പം 51 അക്ഷരങ്ങളുള്ള അക്ഷരമാലയ്‌ക്കും സര്‍ക്കാര്‍ അംഗീകാരമായി.

LEAVE A REPLY

Please enter your comment!
Please enter your name here