ശ്രീലങ്കയിൽ 2020 ലെ പൊതുതിരഞ്ഞെടുപ്പിൽ നാമാവശേഷമായതാണ് യുഎൻപി

0

കൊളംബോ ∙ ശ്രീലങ്കയിൽ 2020 ലെ പൊതുതിരഞ്ഞെടുപ്പിൽ നാമാവശേഷമായതാണ് യുഎൻപി (യുണൈറ്റഡ് നാഷനൽ പാർട്ടി). രാജപക്സെ നേതൃത്വം നൽകിയ എസ്എൽപിപിയുടെ മുന്നേറ്റത്തിൽ ഒരു സീറ്റ് പോലും നേടാതെ യുഎൻപി തകർന്നടിഞ്ഞു. ആ തോൽവിയിൽ വീണ വൻമരമായിരുന്നു പാർട്ടി നേതാവ് റനിൽ വിക്രമസിംഗെ. രാജപക്സെ കുടുംബം അധികാരത്തിലെത്തിയതോടെ രാഷ്ട്രീയമായ തിരിച്ചടികൾ ഏറെ നേരിട്ട റനിൽ അതേ കുടുംബത്തിന്റെ പിന്തുണയോടെ വീണ്ടും ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിരിക്കുന്നു.

ശ്രീലങ്ക കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്കു പതിച്ചപ്പോൾ പലരും പ്രതീക്ഷയോടെ നോക്കിയ പേരായിരുന്നു റനിൽ വിക്രമസിംഗെയുടേത്. 73–ാം വയസ്സിൽ റനിൽ എന്ന വിശ്വപൗരൻ രാജ്യത്തെ കരകയറ്റാനുള്ള ബുദ്ധികേന്ദ്രമാകുമെന്ന് ശ്രീലങ്കൻ ജനത വിശ്വസിക്കുന്നു. തന്നെ ചതിച്ച് യുഎൻപിയെ പിളർത്തിയ സജിത് പ്രേമദാസയെക്കാൾ റനിലിന് അടുപ്പം രാജപക്സെമാരോടായിരുന്നുവെന്ന രാഷ്ട്രീയ രഹസ്യവും അങ്ങനെ പുറത്താകുന്നു.

അമ്മാവൻ ജെ.ആർ.ജയവർധനെയുടെ മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായാണ് 1970ൽ റനിലിന്റെ ആദ്യത്തെ മന്ത്രിസഭാ പ്രവേശനം. തുടർന്നു പ്രേമദാസയുടെ മന്ത്രിസഭയിൽ വ്യവസായമന്ത്രിയായി. പ്രേമദാസ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതോടെ 1993 മേയ് ഏഴിനു റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായി.

1994ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഎൻപി, ചന്ദ്രിക കുമാരതുംഗയുടെ പീപ്പിൾസ് അലയൻസിനോടു തോറ്റു. 1999ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഎൻപിയുടെ പ്രസിഡന്റ് സ്‌ഥാനാർഥിയായി റനിൽ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, പീപ്പിൾസ് അലയൻസിന്റെ പ്രചാരണ പരിപാടിക്കിടെ തമിഴ് പുലികൾ നടത്തിയ ചാവേർ സ്‌ഫോടനത്തിൽ ചന്ദ്രികയ്‌ക്ക് ഒരു കണ്ണു നഷ്‌ടമായി. സഹതാപതരംഗത്തിൽ ചന്ദ്രിക വീണ്ടും പ്രസിഡന്റായി.

2001ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ റനിലിന്റെ നേതൃത്വത്തിലുള്ള മുന്നണി 109 സീറ്റ് നേടി സർക്കാരുണ്ടാക്കി. റനിൽ വീണ്ടും പ്രധാനമന്ത്രി. തമിഴ് പുലികളുമായി വെടിനിർത്തൽ കരാർ ഉണ്ടാക്കിയതു റനിലിന്റെ നേതൃത്വത്തിലെ പ്രധാനപ്പെട്ട സമാധാനദൗത്യമായിരുന്നു. അധികാര വടംവലിയെത്തുടർന്നു 2004 ഫെബ്രുവരിയിൽ പ്രസിഡന്റായിരുന്ന ചന്ദ്രിക പാർലമെന്റ് പിരിച്ചുവിട്ടു. അതോടെ റനിലിന്റെ ഭരണവും അവസാനിച്ചു. തുടർന്നു രാജപക്സെയുടെ ഭരണകാലമായിരുന്നു.

10 വർഷം നീണ്ട രാജപക്സെ ഭരണത്തിനുശേഷം 2015ൽ മൈത്രിപാല സിരിസേന പ്രസിഡന്റാകുമ്പോൾ റനിൽ വീണ്ടും പ്രധാനമന്ത്രിപദത്തിലെത്തി. അതേ സിരിസേനയുമായി വീണ്ടും പോരടിച്ചു റനിൽ. 2019ൽ ശ്രീലങ്കയെ പിടിച്ചുലച്ച ഈസ്റ്റർ ബോംബാക്രമണം റനിലിനും സിരിസേനയ്ക്കും തിരിച്ചടിയായി. 2020ൽ ദേശീയ സുരക്ഷ ചർച്ച ചെയ്ത തിരഞ്ഞെടുപ്പിൽ കരുത്തരെന്ന ഖ്യാതിയോടെ ഗോട്ടബയയും മഹിന്ദയും വീണ്ടും അധികാരമേറി.

LEAVE A REPLY

Please enter your comment!
Please enter your name here