വെള്ളാറില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

കോവളം: വെള്ളാറില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രേരണാകുറ്റത്തിന്‌ ഭര്‍ത്താവും മകനും അറസ്‌റ്റില്‍. കോട്ടയം താന്നിക്കാട്‌ മാലിയില്‍ നട്ടാശ്ശേരി പുഷ്‌കരന്റെയും ശാന്തയുടെയും മകള്‍ ബിന്ദു (46) ആണ്‌ വെള്ളിയാഴ്‌ച പുലര്‍ച്ചെ മരിച്ചത്‌.
വീട്ടമ്മയെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന്‌ ഇരയാക്കിയിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ ഭര്‍ത്താവ്‌ അനില്‍ (48) മകന്‍ അഭിജിത്ത്‌ (20) എന്നിവരെ അറസ്‌റ്റ് ചെയ്‌തത്‌. കോട്ടയം സ്വദേശികളായ കുടുംബം 27 വര്‍ഷമായി വെള്ളാറില്‍ വാടകയ്‌ക്ക് താമസിക്കുകയാണ്‌. ഭര്‍ത്താവിന്റെയും മകന്റെയും ഉപദ്രവത്തെക്കുറിച്ച്‌ വീട്ടമ്മ നേരത്തെ കോവളം സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നു പോലീസ്‌ പറഞ്ഞു.
അന്ന്‌ ഇരുകൂട്ടരെയും വിളിച്ച്‌ കേസ്‌ ഒത്തുതീര്‍പ്പാക്കി വിട്ടിരുന്നതാണ്‌. വെള്ളിയാഴ്‌ച്ച പുലര്‍ച്ചെ 12.30ന്‌ വീട്ടിനുള്ളില്‍ സാരിയില്‍ തൂങ്ങിനിന്ന വീട്ടമ്മയെ ഭര്‍ത്താവും മകനും കൂടി അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആശുപത്രി അധികൃതരാണ്‌ പോലീസിനെ അറിയിച്ചത്‌. വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ വീട്ടമ്മയുടെ സഹോദരന്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അനേ്വഷണത്തിലാണ്‌ ഭര്‍ത്താവിനെയും മകനെയും അറസ്‌റ്റ് ചെയ്‌തത്‌. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി പോലീസ്‌ അറിയിച്ചു.
ടൂറിസം വകുപ്പിന്റെ കോവളത്തെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ കാറ്ററിങ്‌ ടെക്‌നോളജിയിലെ ജീവനക്കാരനാണ്‌ അനില്‍. പോസ്‌റ്റ് മോര്‍ട്ടം കഴിഞ്ഞ്‌ വിട്ടുനല്‍കിയ മൃതദേഹം കോട്ടയത്തക്ക്‌ കൊണ്ടുപോയി ഇന്ന്‌ സംസ്‌കരിക്കുമെന്നു ബന്ധുക്കള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here