കാട്ടുപന്നികളെ ‌‌കൊല്ലാൻ തദ്ദേശ സ്ഥാപന അധ്യക്ഷ‍ൻമാരെ ഓണററി വൈൽഡ് ലൈഫ് വാർഡ‍ൻമാരായി നിയമിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്ന് ഉത്തരവിറക്കും

0

തിരുവനന്തപുരം ∙ കാട്ടുപന്നികളെ ‌‌കൊല്ലാൻ തദ്ദേശ സ്ഥാപന അധ്യക്ഷ‍ൻമാരെ ഓണററി വൈൽഡ് ലൈഫ് വാർഡ‍ൻമാരായി നിയമിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്ന് ഉത്തരവിറക്കും. ഇതോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപഴ്സൻ, മേയർ എന്നിവർക്ക് ശല്യക്കാ‍രായ കാട്ടുപന്നികളെ നിയമാനുസൃതം കൊല്ലാനാവും .

വിഷപ്രയോഗം, സ്ഫോടക വസ്തു പ്രയോഗം, വൈദ്യു‍താഘാതമേൽപ്പിക്കൽ എന്നിവ ഒഴികെയുള്ള മാർഗങ്ങൾ സ്വീകരിക്കാം. ഇതോടൊപ്പം തദ്ദേശ സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥ‍രായും നിയമിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ മറ്റൊരു ഉത്തരവും ഇന്നു പുറത്തിറക്കും. കാട്ടുപന്നികളെ കൊല്ലാൻ വന്യജീവി (സംരക്ഷണ) നിയമത്തിലെ 11(1) (ബി) പ്രകാരമുള്ള ചീഫ് വൈൽഡ് ലൈഫ് വാർ‍ഡന്റെ അധികാരം ഓണററി വൈൽഡ് ലൈഫ് വാർഡൻ‍മാർക്കും, ഉദ്യോഗസ്ഥർക്കും കൈമാറുന്ന ഉത്തരവുകളാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്നു പുറത്തിറ‍ക്കുന്നത്.

അടുത്ത മേയ് 30 വരെ ഉത്തരവിനു പ്രാബല്യമുണ്ട്. കാട്ടുപന്നി ശല്യത്തെക്കു‍റിച്ചു പൊതുജനങ്ങൾ പരാതി നൽകണമെന്നു നിർബന്ധമില്ലെന്നു വനംവകുപ്പ് അറിയിച്ചു. എന്നാൽ, കാട്ടുപന്നി ശല്യ‍ത്തെക്കുറിച്ചു തദ്ദേശ അധ്യക്ഷന്മാരെ അറിയിച്ചിരിക്കണം. കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് കഴിഞ്ഞദിവസം വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ പുറത്തിറക്കിയിരുന്നു. എന്നാൽ, തദ്ദേശ സ്ഥാപനങ്ങളിലെ ഓണററി വൈൽഡ് വാർഡൻ അല്ലെങ്കിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥന് അനുമതി നൽകുന്നതിനുള്ള അധികാരം വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡ‍നു മാത്രം ഉള്ള സാഹചര്യത്തിലാണു പുതിയ ഉത്തരവ് .

∙ മറ്റൊരാളെ നിയോഗിക്കാം

കാട്ടുപന്നിയെ കൊല്ലുന്നതിന് അസൗകര്യമുണ്ടെങ്കിൽ, കാരണം വ്യക്തമാക്കി മറ്റാരെങ്കിലും മുഖേന കൊല്ലി‍ക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻ‍മാർക്ക് അധികാരമുണ്ട്.

∙ തോക്കു ലൈസൻസില്ല

ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ‍ൻമാർക്കും തോക്ക് ലൈസൻ‍സില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അധ്യക്ഷ‍ൻമാർക്ക് തോ‍ക്കുപയോഗിക്കാനും, കെണിവച്ചു പിടിക്കാനും മറ്റും പരിശീലനം നൽകുന്നതിനെക്കുറി‍ച്ചും വനം വകുപ്പ് ആലോചിക്കുന്നു.

∙ ജീവനക്കാർക്കായി 26 വാഹനങ്ങൾ

തിരുവനന്തപുരം∙ വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ വനം വകുപ്പു നിയോഗിച്ച സംരക്ഷണ‍വിഭാഗം ജീവനക്കാർക്കായി 26 പുതിയ വാഹനങ്ങൾ. 20 ഗൂർഖ ജീപ്പുകളും 6 കാംപറുകളുമാണു പുതുതായി വാങ്ങിയത്. ഫ്ലാഗ് ഓഫ് മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്നു 10.30 ന് വഴുതക്കാട്ടെ വനം വകുപ്പ് ആസ്ഥാനത്ത് നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here