ഡോൺബാസിൽ ലുഹാൻസ്ക് പ്രവിശ്യയിലെ സീവിയറോഡോണെറ്റ്സ്കിൽ റഷ്യൻസേനയുടെ മുന്നേറ്റം തടഞ്ഞ് യുക്രെയ്ൻ സേന

0

കീവ് ∙ ഡോൺബാസിൽ ലുഹാൻസ്ക് പ്രവിശ്യയിലെ സീവിയറോഡോണെറ്റ്സ്കിൽ റഷ്യൻസേനയുടെ മുന്നേറ്റം തടഞ്ഞ് യുക്രെയ്ൻ സേന. മേഖലയിൽ യുക്രെയ്ൻ നിയന്ത്രണത്തിലുള്ള ഏക വൻനഗരത്തെ വളഞ്ഞ റഷ്യൻസേനയുടെ പീരങ്കിയാക്രമണം അതിരൂക്ഷമായി തുടരുകയാണ്. ഇതിനിടെ, തെക്കൻ മേഖലയിൽ റഷ്യ പിടിച്ചെടുത്ത ഖേർസൻ തുറമുഖ നഗരം തിരിച്ചുപിടിക്കാൻ സേനാനീക്കം ആരംഭിച്ചതായി പ്രഖ്യാപിച്ച യുക്രെയ്ൻ, കൂടുതൽ ആയുധങ്ങൾ തന്നു സഹായിക്കാൻ പാശ്ചാത്യശക്തികളോട് ആവശ്യപ്പെട്ടു.

റഷ്യൻ അനുകൂല വിമതരുടെ ശക്തി കേന്ദ്രമായ ലുഹാൻസ്ക്, ഡോണെറ്റ്സ്ക് പ്രവിശ്യകൾ അടങ്ങിയ ഡോൺബാസിലെ ഭൂരിഭാഗം സ്ഥലങ്ങളും റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണെന്നു റിപ്പോർട്ടുകൾ പറയുന്നു. സീവിയറോഡോണെറ്റ്സ്ക് കൂടി വീണാൽ മേഖല മുഴുവനായും റഷ്യയുടെ അധീനതയിലാവും.
ഖേർസനാണ് റഷ്യ ആദ്യം പിടിച്ച പ്രധാനനഗരം. റഷ്യൻസേന ഡോൺബാസിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ച ഈ സമയം ഖേർസൻ തിരിച്ചുപിടിക്കാനാവുമെന്നാണു യുക്രെയ്ൻ സേനയുടെ കണക്കുകൂട്ടൽ.

അതിനിടെ, ഡെൻമാർക്ക് നൽകിയ കപ്പൽവേധ ഹാർപൺ മിസൈലുകളും യുഎസ് നിർമിത ഹൊവിറ്റ്സർ പീരങ്കികളും യുക്രെയ്നിലെത്തി.
അതിനിടെ, ഹർകീവ് മേഖലയിൽ പോർമുഖത്തുള്ള സൈനികരെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സന്ദർശിച്ചു.

റഷ്യയെ തടയാൻ ഡാം തകർത്തു; വീടുകൾ മുങ്ങി

കീവ് ∙ റഷ്യൻ സേനയുടെ മുന്നേറ്റം തടയാനായി യുക്രെയ്ൻ സൈന്യം ഇർപിൻ നദിയിലെ അണക്കെട്ട് തകർത്തതോടെ വെള്ളത്തിൽ മുങ്ങിയത് ഡിമീദ് ഗ്രാമത്തിലെ വീടുകൾ. കീവിലേക്കുള്ള സേനാനീക്കം തടയാനായി ഫെബ്രുവരിയിലാണു ഡാം തകർത്തത്. 50 വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here