പ്ലസ് ടു പരീക്ഷ അട്ടിമറിക്കാന്‍ ചില അധ്യാപകരുടെ ശ്രമമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

0

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷ അട്ടിമറിക്കാന്‍ ചില അധ്യാപകരുടെ ശ്രമമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ചില അധ്യാപക സംഘടനകള്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു. ഇവര്‍ വിദ്യാര്‍ത്ഥികളുടെ ഭാവിവച്ചാണ് കളിക്കുന്നത്. ചോദ്യവും ഉത്തര സൂചികയും തയ്യാറാക്കിയത് കഴിവുള്ള അധ്യാപകര്‍ തന്നെയാണ്.

ഏപ്രില്‍ 26നാണ് കെമിസ്ട്രി പരീക്ഷയുടെ പുതിയ ഉത്തരസൂചിക പുറത്തിറക്കിയത്. അതിനു ശേഷം ഒരു പരാതിയോ ആക്ഷേപമോ രേഖാമൂലമോ ഫോണ്‍, ഇമെയില്‍, എസ്എംഎസ് വഴിയോ നല്‍കാതെയാണ് ബഹിഷ്‌കരണം. മൂല്യനിര്‍ണയ ദിവസം വരെ ഒരു പരാതിയും ആരും നല്‍കിയിട്ടില്ല. മൂല്യനിര്‍ണയം തുടങ്ങിയ ശേഷമാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. ഉത്തര സൂചിക പുനഃപരിശോധിക്കും. മൂന്ന് കോളജ് അധ്യാപകര്‍ ഉള്‍പ്പെട്ട 15 അംഗ സമിതിയെ ഇതിനായി നിയോഗിക്കും. പുതിയ ഉത്തര സൂചിക ഉടന്‍ പുറത്തിറക്കും. നാലാം തീയതി മുതല്‍ ഇതനുസരിച്ച് മൂല്യനിര്‍ണയം നടക്കുമെന്നും മന്ത്രി അറിയിച്ചു.

പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നീതിപൂര്‍വ്വവും ന്യായവും അര്‍ഹവുമായ മാര്‍ക്ക് ലഭിക്കണമെന്നാണ് സര്‍ക്കര്‍ നയം. വാരിക്കോരി മാര്‍ക്ക് കൊടുക്കുന്നത് അംഗീകരിക്കാനാവില്ല.

പരീക്ഷാജോലിയില്‍ നിന്ന് അധ്യാപകര്‍ വിട്ടുനില്‍ക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാതിരിക്കുന്നത് കോടതിയിലക്ഷ്യമാണെന്നും പരീക്ഷ മാനുവല്‍, അധ്യാപക സര്‍വീസ് റൂള്‍ എന്നിവയുടെ ലംഘനമാണെന്നും കാണിച്ച് സര്‍ക്കുലര്‍ നല്‍കിയിരുന്നു. കോടതി ഉത്തരവ് അറിയാതെ വിട്ടുനില്‍ക്കുന്നവര്‍ കോടതിലക്ഷ്യ കേസില്‍ പെടാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കാനായിരുന്നു സര്‍ക്കുലറെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here