പി സി ജോർജ്നെ കസ്റ്റഡിയിൽ എടുത്തു

0

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എം.എല്‍.എ. പി.സി. ജോർജിനെ കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ അഞ്ച് മണിക്ക് പോലീസ് സംഘം ഇരാറ്റുപ്പേട്ടയിലെ ജോർജിന്റെ വീട്ടിൽ എത്തുകയായിരുന്നു. സംഭവത്തിൽ പിസിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഫോർട്ട് എസ്പിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിൽ എടുത്തത്.

തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് എടുത്തത്. തിരുവനന്തപുരത്തു വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു ജോര്‍ജിന്റെ വിവാദപ്രസംഗം. ഇതിനെതിരേ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ഉള്‍പ്പെടെ പരാതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോര്‍ട്ട് പോലീസ് ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളാണ് ജോര്‍ജിനെതിരേ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നത്. പി.സി. ജോര്‍ജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും കാരണമാകുന്നുവെന്ന് യൂത്ത് ലീഗ് പരാതിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു.

പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ ഷാഫി പറമ്പില്‍ എം.എല്‍.എയും രംഗത്തെത്തിയിരുന്നു. തമ്മിലടിപ്പിക്കല്‍ ശ്വാസവായുവും തൊഴിലുമാക്കിയ പി.സി. ജോര്‍ജിനെ കേസെടുത്ത് ജയിലിലിടാന്‍ പോലീസ് തയ്യാറാകണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം. സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗീയതയുടെ സഹവാസിയാണ് പി.സി. ജോര്‍ജ്ജെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റും ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സാധാരണ വിടുവായത്തമായി ഇതിനെ തള്ളിക്കളയാനാകില്ലെന്നും ജോര്‍ജ് പരാമര്‍ശം പിന്‍വലിച്ച് കേരളത്തോട് മാപ്പുപറയണമെന്നും സി.പി.എം. ആവശ്യപ്പെട്ടിരുന്നു. മനുഷ്യസൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ അത് തകര്‍ക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം ആണെന്നാന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വര്‍ഗീയവാദികളും ബോധപൂര്‍വമായ പദ്ധതി നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തുവന്നത്. അതിനാല്‍ത്തന്നെ ഇതിനെ അദ്ദേഹത്തിന്റെ സാധാരണ വിടുവായത്തങ്ങളായി തള്ളിക്കളയാനാകില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രസ്താവന പിന്‍വലിച്ച് ജോര്‍ജ് കേരളീയ സമൂഹത്തോട് മാപ്പു പറയണം എന്നാണ് സി.പി.എമ്മിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here