വയനാട്ടിലേക്ക് പോകുന്നതിനിടെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചു

0

കോഴിക്കോട്: വയനാട്ടിലേക്ക് പോകുന്നതിനിടെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചു. കുന്ദമംഗലം സ്വദേശിയായ യാസിറിനെയാണ് വിട്ടയച്ചത്. വിദേശത്ത് നിന്നും എത്തിയ ഇയാളെ സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പോലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസം രാത്രിയാണ് യാസിറിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. വിദേശത്ത് നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഇയാൾ നേരെ വയനാട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ താമരശ്ശേരി ചുരത്തിലെത്തിയപ്പോഴാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്.

സംഭവ സമയം അതുവഴി പോയ ലോറി ഡ്രൈവർ ആണ് വിവരം പോലീസിനെ അറിയിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ യാസിർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
വിദേശത്ത് നിന്നും എത്തിയ ഇയാളുടെ പക്കൽ സ്വർണം ഉണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ സ്വർണം വയനാട്ടിലെ മറ്റൊർക്കോ ഇയാൾ കൈമാറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയത്. സ്വർണം തിരികെ വാങ്ങിയ ശേഷം ഇയാളെ വിട്ടയച്ചത് ആണെന്നാണ് വിവരം. സംഭവത്തിൽ പരാതിയില്ലെന്നാണ് യാസിർ പോലീസിനോട് പറഞ്ഞത്. ഇത് സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന സൂചനകൾക്ക് ബലമേകുന്നു.

സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. വിമാനത്താവളത്തിൽ വന്നിറങ്ങിയ യാസിര്‍ വീട്ടിലേക്ക് പോകാതെയാണ് വയനാട്ടിലേക്ക് യാത്ര ചെയ്തതെന്നാണ് ദുരൂഹതയുണ്ടാക്കിയത്. ഈ യാത്രക്കിടെയാണ് ഈ സംഭവങ്ങളെല്ലാമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ പങ്കിനെ കുറിച്ച് സൂചനകൾ ലഭിച്ചത്. കൊടുത്തുവിട്ട ആളുകള് തന്നെ പിന്തുടര്‍ന്നെത്തി സ്വര്‍ണ്ണം തിരിച്ചെടുക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യാസിറിനെ താമരശേരി പൊലീസ് ചോദ്യം ചെയ്തു. എന്നാൽ ആളുമാറി തട്ടിക്കൊണ്ടുപോയതെന്നും പരാതിയില്ലെന്നുമാണ് യാസിർ പറയുന്നത്. അതിനാൽ നിലവിൽ പോലീസ് കേസ് എടുത്തിട്ടില്ല. ഇയാളെ വീണ്ടും ചോദ്യം ചെയ്തേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here