ശാസ്താംകോട്ട: മൈനാഗപ്പള്ളി ശാസ്താംകോട്ട റെയിൽവെ സ്റ്റേഷനു പടിഞ്ഞാറു വശവും ആറ്റുപുറം ഭാഗത്തും നിലം നികത്തൽ വ്യാപകം. പരാതിയെ തുടർന്ന് വില്ലേജ് അധികൃതർ പൈപ്പ് റോഡ് അഞ്ചു കലങ്ങിന്റെ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമി സന്ദർശിക്കുകയും നിയമനുസരണം അല്ലാതെ പുരയിടത്തിൽ ഇട്ട മണ്ണ് വാരി മാറ്റണം എന്ന് നിർദ്ദേശിക്കുകയും ഉണ്ടായി. എന്നാൽ ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടി ഇട്ടു കൊണ്ട് നികത്തിയ സ്ഥലത്തു നിന്നും കുറച്ചു മണ്ണ് മാറ്റി മുകൾഭാഗത്തേക്ക് വച്ചു. ഒരു ചാറ്റൽ മഴ വന്നാൽ ഈ മുകളിലേക്ക് വച്ച മണ്ണ് താഴോട്ട് ഒഴുകി പൂർവ്വസ്ഥിതിയിൽ ആകും. ഇത് റവന്യു അധികാരികളെ കബളിപ്പിക്കാൻ ഉള്ള നടപടി ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നീരോഴുക്ക് ഉള്ള പ്രദേശം ആണ് ഇത്. വെട്ടിക്കാട് പാടത്തിന്റെ പലഭാഗത്തും ഇതേ പോലെ മണ്ണിടിൽ തകൃതി ആയി നടക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. റവന്യു ഉദ്യഗസ്ഥർ വരുമ്പോൾ നിർത്തി വയ്ക്കുകയും വീണ്ടും ഇത് തന്നെ ആവർത്തിക്കുകയും ചെയ്യുന്നു. കേരള സർക്കാരിന്റെ തണ്ണീർ തട സംരക്ഷണം അനുസരിച്ചു അനധികൃതമായി വയലിൽ മണ്ണ് നിക്ഷേപിച്ചാൽ ആ മണ്ണ് കൃത്യമായി വാരി മാറ്റണം എന്ന് നിർദേശം ഉണ്ട്. എന്നാൽ ആ നിയമങ്ങൾ ഒന്നും പാലിക്കാൻ റവന്യു അധികാരികളും തയ്യാർ ആകുന്നില്ല എന്നുള്ളതു കൊണ്ട് ആണ് ഇത്തരം അനധികൃത മണ്ണിടിൽ വീണ്ടും വീണ്ടും ആവർത്തിക്കപെടുന്നതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.