പുറത്താക്കാനുള്ള പ്രധാന്യം കെ.വി തോമസിനില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍

0

എറണാകുളം: പുറത്താക്കാനുള്ള പ്രധാന്യം കെ.വി തോമസിനില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ടെന്ന് കരുതുന്നില്ല. എന്ത് നടപടിയെടുക്കുമെന്ന് എ.ഐ.സി.സിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു. എല്‍.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കുന്നത് തോമസിന്റെ ഇഷ്ടം. കോൺഗ്രസിനൊപ്പം നിന്ന് സി.പി.എമ്മിന് വേണ്ടി പ്രവർത്തിക്കുക നടക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോരുത്തർക്കും വ്യക്തി സ്വാതന്ത്ര്യമുണ്ടെന്നും തോമസ് മാഷിനോടുള്ള ബഹുമാനം ജീവിതാവസാനം വരെ തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. മറ്റ് വിഷയങ്ങളിൽ പാർട്ടി നേതൃത്വം പ്രതികരിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. കെ.വി തോമസ് ഇടത് മുന്നണിക്കുവേണ്ടി ഇറങ്ങുന്നതിൽ വിഷമമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ വ്യക്തമാക്കി. പാർട്ടിക്കൊപ്പമാണ് കെ.വി തോമസ് പ്രവർത്തിക്കുന്നതെങ്കിൽ പാർട്ടിയെ അനുസരിക്കണമെന്നും ശശി തരൂര്‍ ഓര്‍മിപ്പിച്ചു.

കെ.വി തോമസിൻ്റെ പ്രഖ്യാപനത്തിൽ പുതുമയില്ലെന്നാണ് എം.എം ഹസന്‍റെ പ്രതികരണം. പാർട്ടി കോൺഗ്രസിന് പോയപ്പോൾ സ്വീകരിച്ചത് ക്രിസ്തു ദേവൻ്റെ ചിത്രം നൽകിയാണ്, നാളെ കൺവെൻഷനിൽ പങ്കെടുക്കുമ്പോൾ യൂദാസിൻ്റെ ചിത്രം നൽകണം. കേരള രാഷ്ട്രീയത്തിലെ അഭിനവ യൂദാസാണ് കെ.വി തോമസെന്നും അദ്ദേഹം പരിഹസിച്ചു. ചോറ് ഇങ്ങും കുറ് അങ്ങുമെന്നത് നടക്കില്ല. കോൺഗ്രസുകാരനായ കെ.വി തോമസിന് സ്വാധീനമുണ്ട്, എൽ.ഡി.എഫിൽ അതുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.വി തോമസ് പ്രതികരണമര്‍ഹിക്കുന്നില്ലെന്നാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍റെ പരാമര്‍ശം. ഒരു പാർട്ടിയിൽനിന്ന് ലഭിക്കാവുന്നതെല്ലാം തോമസിന് ലഭിച്ചു. ഇനി പാർട്ടിയിൽനിന്ന് ഒന്നും ലഭിക്കില്ല എന്നദ്ദേഹത്തിന് മനസിലായി. സ്ഥാനം പ്രതീക്ഷിച്ചു നാണം കെട്ട് നടക്കുകയാണ് തോമസ്. ഉമ തോമസ് കാണിക്കുന്ന പക്വത പോലും കെ.വി തോമസ് കാണിക്കുന്നില്ല. അദ്ദേഹത്തെ പനപോലെ വളര്‍ത്തിയത് കോണ്‍ഗ്രസാണ്. കെ.വി തോമസ് ഇനിയുള്ള കാലം മാർക്സിസ്റ്റ്‌ പാർട്ടിക്കുവേണ്ടി വിടുപണി ചെയ്താൽ എറണാകുളത്തുകാർ മറുപടി നൽകുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. നാളെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൺവെൻഷനിൽ പങ്കെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താൻ മാത്രമല്ലെന്നാണ് കെവി തോമസ് നൽകുന്ന വിശദീകരണം.

2018 മുതൽ തന്നെ പുറത്താക്കാൻ സംഘടിത ശ്രമമുണ്ടെന്നും പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു. കണ്ണൂരിൽ സിപിഎം പാര്‍ട്ടി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിൽ നിന്നും പുറത്താക്കാനാണെങ്കിൽ പുറത്താക്കട്ടെയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ പോയാൽ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത് എന്നിട്ടെന്തായെന്നും കെ വി തോമസ് ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here