വിസ്‌മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി കെ.എന്‍. സുജിത്ത്‌ ഇന്ന്‌ വിധി പ്രസ്‌താവിക്കും

0

കൊല്ലം: ബി.എ.എം.എസ്‌ വിദ്യാര്‍ഥിനിയായിരുന്ന വിസ്‌മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി കെ.എന്‍. സുജിത്ത്‌ ഇന്ന്‌ വിധി പ്രസ്‌താവിക്കും.
വിസ്‌മയ മരിച്ച്‌ ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണു വിധിയെത്തുന്നത്‌. നിലമേല്‍ കൈതോട്‌ കെ.കെ.എം.പി. ഹൗസില്‍ ത്രിവിക്രമന്‍നായരുടെയും സജിതയുടെയും മകള്‍ വിസ്‌മയ (24)യെ 2021 ജൂണ്‍ 21-നാണ്‌ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്നു ഭര്‍ത്താവ്‌ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാറിനെ പ്രതിയാക്കി പോലീസ്‌ കേസെടുത്തു.
സ്‌ത്രീധന മരണം, സ്‌ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഉപദ്രവിക്കുക ഭീഷണിപ്പെടുത്തുക, എന്നീ വകുപ്പുകളും സ്‌ത്രീധന നിരോധന നിയമത്തിലെ സ്‌ത്രീധനം ആവശ്യപ്പെടുക, സ്വീകരിക്കുക എന്നീ വകുപ്പുകളുമാണ്‌ പ്രതിക്കെതിരേ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്നത്‌.
2020 മെയ്‌ 30-നാണ്‌ വിസ്‌മയയെ മോട്ടോര്‍ വാഹനവകുപ്പില്‍ എ.എം.വി.ഐയായിരുന്ന കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്‌. കേസിനെത്തുടര്‍ന്ന്‌ കിരണ്‍കുമാറിനെ ജോലിയില്‍നിന്ന്‌ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.

വിസ്‌മയയുടെ ശബ്‌ദരേഖ പുറത്ത്‌ “സഹിക്കാന്‍ കഴിയുന്നില്ലച്‌ഛാ..”

കൊല്ലം: വിസ്‌മയ കേസില്‍ ഇന്ന്‌ വിധി പറയാനിരിക്കെ വിസ്‌മയയുടെ ഒരു ശബ്‌ദരേഖ കൂടി പുറത്തുവന്നു. ഭര്‍ത്താവ്‌ കിരണ്‍കുമാര്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന്‌ പറയുന്ന ശബ്‌ദരേഖയാണ്‌ പുറത്തുവന്നത്‌. പിതാവ്‌ ത്രിവിക്രമന്‍നായരുമായുള്ള ഫോണ്‍ സംഭാഷണമാണ്‌ പുറത്തായത്‌.
എനിക്ക്‌ സഹിക്കാന്‍ കഴിയുന്നില്ലച്‌ഛാ.. ഇവിടെ നിര്‍ത്തിയിട്ട്‌ പോയാല്‍ എന്നെ കാണില്ല.. എനിക്ക്‌ അങ്ങോട്ട്‌ വരണം, കിരണ്‍കുമാര്‍ മര്‍ദിക്കുന്നു. പേടിയാകുന്നു..ഞാന്‍ എന്തെങ്കിലും ചെയ്യും.. വിസ്‌മയ കരഞ്ഞു പറയുന്നതാണ്‌ ശബ്‌ദരേഖ. കിരണ്‍കുമാറിന്റെ ഫോണ്‍ സൈബര്‍ പരിശോധനയ്‌ക്ക്‌ അയച്ചതില്‍ റെക്കോര്‍ഡ്‌ ചെയ്‌തിരുന്ന സംഭാഷണങ്ങള്‍ കണ്ടെത്തിയിരുന്നു. സ്‌ത്രീധനം സംബന്ധമായി നടത്തിയതുള്‍പ്പടെ വിസ്‌മയയുമായുള്ള സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കിയിട്ടുണ്ട്‌.

507 പേജ്‌ കുറ്റപത്രം

പ്രോസിക്യൂഷന്‍ 42 സാക്ഷികളെ വിസ്‌തരിച്ചു. 120 രേഖകളും 12 തൊണ്ടി മുതലുകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്നു രണ്ടു സാക്ഷികളെ വിസ്‌തരിക്കുകയും 40 രേഖകള്‍ ഹാജരാക്കുകയും ചെയ്‌തു.
507 പേജുള്ള കുറ്റപത്രമാണ്‌ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്‌. 102 സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജനുവരി പത്തിനാണ്‌ കേസിന്റെ വിചാരണ ആരംഭിച്ചത്‌.
കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ട്‌ വിസ്‌മയയെ ഉപദ്രവിച്ചിരുന്നെന്നു പ്രോസിക്യൂഷന്‍ തെളിവ്‌ നിരത്തി വാദിച്ചു. ഇതിനായി, വിസ്‌മയ അമ്മയ്‌ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്‌സ്‌ആപ്‌ സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോണ്‍ സംഭാഷണങ്ങളുംസന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
പ്രതി കിരണിന്റെ പിതാവ്‌ സദാശിവന്‍പിള്ള, സഹോദരി കീര്‍ത്തി, ഭര്‍ത്താവ്‌ മുകേഷ്‌ എം.നായര്‍ ഉള്‍പ്പെടെ അഞ്ച്‌ സാക്ഷികള്‍ വിസ്‌താരത്തിനിടെ കൂറുമാറിയിരുന്നു. സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജും പ്രതിക്കു വേണ്ടി പ്രതാപചന്ദ്രന്‍ പിള്ളയുമാണ്‌ കോടതിയില്‍ ഹാജരായത്‌.

LEAVE A REPLY

Please enter your comment!
Please enter your name here