കേരളത്തില്‍ കാലവര്‍ഷത്തിനു മുമ്പേ തീവ്രമഴസാധ്യത പ്രവചിച്ച്‌ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം

0

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷത്തിനു മുമ്പേ തീവ്രമഴസാധ്യത പ്രവചിച്ച്‌ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം. മറ്റന്നാള്‍വരെ 30-40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും സാധ്യത. ഇന്നുമുതല്‍ ബുധനാഴ്‌ചവരെ വിവിധ ജില്ലകളില്‍ യെലോ അലെര്‍ട്ട്‌. 64.5-115.5 മില്ലിമീറ്റര്‍ മഴ ലഭിച്ചേക്കുമെന്നാണ്‌ അറിയിപ്പ്‌.
ചില ജില്ലകളില്‍ കേന്ദ്രകാലാവസ്‌ഥാവകുപ്പ്‌ യെലോ അലെര്‍ട്ടാണു നല്‍കിയിരിക്കുന്നതെങ്കിലും മലയോരമേഖലകളില്‍ ശക്‌തമായ ഇടിയോടുകൂടി മഴയ്‌ക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല. അതിനാല്‍ കഴിഞ്ഞദിവസങ്ങളില്‍ ശക്‌തമായ മഴ ലഭിച്ച സ്‌ഥലങ്ങളില്‍ ഓറഞ്ച്‌ അലെര്‍ട്ടിനു സമാനമായ ജാഗ്രതാനിര്‍ദേശമുണ്ട്‌. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്നലെ റെഡ്‌ അലെര്‍ട്ടായിരുന്നു.
താഴ്‌ന്നപ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അതീവജാഗ്രത പാലിക്കണമെന്നു കേരള ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ നല്‍കി.കേരളത്തില്‍ 27-നു കാലവര്‍ഷമെത്തുമെന്നാണു കേന്ദ്രകാലാവസ്‌ഥാവകുപ്പിന്റെ അറിയിപ്പ്‌.

ജില്ലകളില്‍ യെലോ അലെര്‍ട്ട്‌

ഇന്ന്‌: തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, വയനാട്‌.
നാളെ: തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, വയനാട്‌.
മറ്റന്നാള്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, വയനാട്‌.

18-ന്‌: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍.

അപകടം അരികെ; അശ്രദ്ധ അരുത്‌

ഒഴുക്ക്‌ ശക്‌തമാകാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും മറ്റ്‌ ജലാശയങ്ങളിലും ഇറങ്ങരുത്‌.
കാലാവസ്‌ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ച്‌, അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം.
അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ ക്യാമ്പുകളിലേക്കു മാറാന്‍ തയാറാകണം.
വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്‌.ഇ.ബി. കണ്‍ട്രോള്‍ റൂം നമ്പറില്‍ (1912) അറിയിക്കണം.
പുലര്‍ച്ചെ പുറത്തിറങ്ങുന്നവര്‍ വെള്ളക്കെട്ടുകളില്‍ വൈദ്യുതി ലൈനുകള്‍ വീണുകിടക്കുന്നില്ലെന്ന്‌ ഉറപ്പാക്കണം.
ശബരിമലയില്‍ ഇടവമാസപൂജ ദര്‍ശനത്തിനെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണം. രാത്രി യാത്രയും ജലാശയങ്ങളില്‍ ഇറങ്ങുന്നതും ഒഴിവാക്കണം.
മലയോരമേഖലകളിലേക്ക്‌ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക.
വിനോദസഞ്ചാരികള്‍ രാത്രി യാത്ര ഒഴിവാക്കി താമസസ്‌ഥലത്തു തുടരണം.
ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
സുരക്ഷാസജ്‌ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്‌ഥലത്തും പോകരുത്‌.
24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകളിലേക്ക്‌ 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

മുന്നൊരുക്കങ്ങള്‍ ശക്‌തമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ശക്‌തമായ മഴ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തില്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. പോലീസിനു ജാഗ്രതാനിര്‍ദേശം. മലയോരമേഖലകളില്‍ ഉള്‍പ്പെടെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു.
മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പുമേധാവികളുടെ അടിയന്തരയോഗം ചേര്‍ന്നു. സംസ്‌ഥാന പോലീസ്‌ മേധാവി, ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ ഡയറക്‌ടര്‍ ജനറല്‍, കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍, ജലസേചനവകുപ്പ്‌ ചീഫ്‌ എന്‍ജിനീയര്‍, ദുരന്തനിവാരണവകുപ്പ്‌ കമ്മിഷണര്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി, കേന്ദ്രകാലവസ്‌ഥാവകുപ്പ്‌ തിരുവനന്തപുരം കേന്ദ്രം ഡയറക്‌ടര്‍, എട്ട്‌ ജില്ലകളിലെ കലക്‌ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
നദികളിലെ ചെളിയും എക്കലും നീക്കുന്നതിന്റെ പുരോഗതി വിലയിരുത്തി. ആലപ്പുഴ ജില്ലയിലെ വലിയ പമ്പുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന്‌ ഉറപ്പുവരുത്താന്‍ നിര്‍ദേശിച്ചു. ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കും. നഗരത്തിലെ വെള്ളക്കെട്ട്‌ നിരീക്ഷിക്കാന്‍ കൊച്ചി കോര്‍പറേഷനില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും. ജില്ലാ, താലൂക്ക്‌ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here