കെ.വി. തോമസ്‌ ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ കെ.ടി.ഡി.സി. വക ബോള്‍ഗാട്ടി പാലസും ഹോട്ടല്‍ സമുച്ചയവും അടങ്ങുന്ന എട്ട്‌ ഏക്കര്‍ സ്‌ഥലം ഒരു മലേഷ്യന്‍ കമ്പനിക്ക്‌ വില്‍ക്കാന്‍ കരാറുണ്ടാക്കിയിരുന്നതായി ചെറിയാന്‍ ഫിലിപ്പിന്റെ വെളിപ്പെടുത്തല്‍

0

തിരുവനന്തപുരം: കെ.വി. തോമസ്‌ ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ കെ.ടി.ഡി.സി. വക ബോള്‍ഗാട്ടി പാലസും ഹോട്ടല്‍ സമുച്ചയവും അടങ്ങുന്ന എട്ട്‌ ഏക്കര്‍ സ്‌ഥലം ഒരു മലേഷ്യന്‍ കമ്പനിക്ക്‌ വില്‍ക്കാന്‍ കരാറുണ്ടാക്കിയിരുന്നതായി ചെറിയാന്‍ ഫിലിപ്പിന്റെ വെളിപ്പെടുത്തല്‍.
64 ആഢംബര നൗകകള്‍ക്ക്‌ നങ്കൂരമിടാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ മറീന എന്ന മിനി തുറമുഖം ബോള്‍ഗാട്ടി ദ്വീപില്‍ തുടങ്ങുന്നതിന്‌ മലേഷ്യന്‍ കമ്പനിയുമായി ചേര്‍ന്നുള്ള ഒരു സംയുക്‌ത സംരംഭത്തിനാണ്‌ കരാറില്‍ ഏര്‍പ്പെട്ടത്‌. ഈ കരാര്‍ നടപ്പിലാക്കിയിരുന്നുവെങ്കില്‍ കേരള സര്‍ക്കാരിന്റെ ഏറ്റവും അമൂല്യമായ ടൂറിസം കേന്ദ്രം നഷ്‌ടപ്പെടുമായിരുന്നു. ഒരു ടെന്‍ഡറും കൂടാതെയാണ്‌ മലേഷ്യന്‍ കമ്പനിയുടെ പദ്ധതി കെ.വി. തോമസിന്റെ കാലത്ത്‌ ടൂറിസം വകുപ്പ്‌ അംഗീകരിച്ചത്‌. കരാര്‍ പ്രകാരം കെ.ടി.ഡി.സിക്ക്‌ 25 ശതമാനം ഓഹരി മാത്രം. 40 കോടി രൂപയാണ്‌ മറീന നിര്‍മാണത്തിന്റെ ചെലവ്‌. ബോള്‍ഗാട്ടി പാലസും ഹോട്ടലുമെല്ലാം കെ.ടി .ഡി.സിയുടെ ഓഹരിയായി കണക്കാക്കും. വിലമതിക്കാനാവാത്ത സര്‍ക്കാര്‍ സ്വത്തിന്‌ പത്തു കോടി രൂപ മാത്രം വിലയാണിട്ടത്‌ – ചെറിയാന്‍ ഫിലിപ്പ്‌ പറയുന്നു.
2006 ല്‍ താന്‍ കെ.ടി.ഡി.സി. ചെയര്‍മാന്‍ ആയപ്പോള്‍ ഈ കരാര്‍ അവഗണിച്ചുകൊണ്ട്‌ ഈ പദ്ധതി കെ.ടി.ഡി.സിയുടെ ഉടമസ്‌ഥതയില്‍ നേരിട്ടു നടപ്പാക്കി. നിര്‍മാണ ചുമതല ആഗോള ടെന്‍ഡര്‍ വിളിച്ച്‌ ഒരു വിദഗ്‌ധ സമിതിയുടെ പരിശോധന പ്രകാരമാണ്‌ ഷാര്‍ജയിലെ ഒരു കമ്പനിയെ ഏല്‍പ്പിച്ചത്‌. കേന്ദ്ര സഹായത്തോടെയും ബാങ്ക്‌ ലോണ്‍ എടുത്തുമാണ്‌ പണം സമാഹരിച്ചത്‌. അനുബന്ധമായി 32 ഡീലക്‌സ് മുറികളുള്ള മറീന ഹൗസും നിര്‍മിച്ചു, 2008ല്‍ മറീനയ്‌ക്ക്‌ മുഖ്യമന്ത്രി അച്ചുതാനന്ദന്‍ തറക്കല്ലിടുകയും 2010 ല്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഉദ്‌ഘാടനം നിര്‍വഹിക്കുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here