വിവാദത്തിന്റെ പശ്ചാത്തലത്തിൽ, പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക പരിശോധിക്കുന്നതിനു വിദഗ്ധ സമി‍‍തിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു

0

തിരുവനന്തപുരം∙ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക പരിശോധിക്കുന്നതിനു വിദഗ്ധ സമി‍‍തിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. വിശദ ചർച്ചയ്ക്കു ശേഷം ‍പുതിയ ഉത്തര സൂചിക പ്രസിദ്ധപ്പെടുത്തു‍മെന്നാണ് അറിയുന്നത്. അർഹതപ്പെട്ട മാർക്ക് വിദ്യാർഥികൾക്കു ലഭിക്കുമെന്നും ഇതിന്റെ പേരിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ആശങ്ക വേണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

പ്ലസ്ടു കെമിസ്ട്രി ചോദ്യ‍ക്കടലാസ് വിഷമം പിടിച്ചതായിരുന്നെന്നും അക്ഷര‍ത്തെറ്റ് ഉണ്ടായിരുന്നുവെന്നുമാണ് ഒരു വിഭാഗം അധ്യാപകർ ചൂണ്ടിക്കാട്ടുന്നത്. ഉത്തരസൂചികയും അതുപോലെ തന്നെയായിരുന്നു. ഉത്തരങ്ങ‍ളിലെ വൈവിധ്യം പരിഗണിക്കാതെ‍യാണു തയാറാക്കിയതെന്നും ഇതു മാറ്റാതെ മൂല്യനിർണയം നടത്താനാകില്ലെന്നുമാണ് അവരുടെ നിലപാട്. തുടർച്ചയായി 3 ദിവസം പ്ലസ്ടു കെമിസ്ട്രി മൂല്യ‍നിർണയ ക്യാംപ് അധ്യാപകർ ബഹിഷ്കരിക്കുകയും ചെയ്തു.

തുടർന്നാണു വിദ്യാഭ്യാസ വകുപ്പ് ഇടപെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണിത്. അധ്യാപകരുടെ പരാതിയിൽ കഴമ്പുണ്ടെന്നാണു കണ്ടെത്തിയത്.

അതേസമയം, മൂല്യനിർണയത്തിൽ നിന്നു വിട്ടുനിൽക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നു വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയിട്ടുണ്ട്.

ഇന്ന് അവധിയായതിനാൽ മൂല്യനിർണയ ക്യാംപില്ല. വിവാദത്തിന്റെ പേരിൽ മൂല്യനിർ‍ണയം തടസ്സപ്പെടാതിരി‍ക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണു വിദ്യാഭ്യാസ വകുപ്പ്.

ചോദ്യം തയാറാക്കിയ അധ്യാപകൻ തന്നെയാണ് ഉത്തരസൂചികയും തയാറാക്കിയതെന്നു സമരത്തിലുള്ള അധ്യാപകർ ആരോപിക്കുന്നു. ഇതിൽ ചില ഉത്തരങ്ങ‍ളിലെ സാധ്യമായ വൈവിധ്യം കണക്കിലെടുത്തി‍ട്ടില്ലെന്നും ഈ ഉത്തര സൂചിക വച്ച് ഉത്തരക്കടലാസ് നോക്കിയാൽ വിദ്യാർഥിക്ക് അർഹമായ 12 മാർക്ക് നഷ്ടപ്പെടുമെന്നും അവർ പറയുന്നു.

രണ്ടര ലക്ഷം വിദ്യാർഥികളാണ് കെമിസ്ട്രി പരീക്ഷയെഴുതിയത്. മാർക്ക് എൻട്രൻസിനും ഉന്നത‍പഠനത്തിനും പരിഗണിക്കു‍മെന്നതിനാൽ നിർണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here