പൂയപ്പള്ളിയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

0

ഓയൂർ: പൂയപ്പള്ളിയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പൂയപ്പള്ളി ഒട്ടോ സ്റ്റാൻഡിലെ ഡ്രൈവർ പൂയപ്പള്ളി മേലൂട്ട് വീട്ടിൽ ബിജുവിനെയാണ് (56) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ബിജുവിന്റെ ഭാര്യ അന്നമ്മയാണ് (52) പൊള്ളലേറ്റ് മരിച്ചത്. കഴിഞ്ഞ 10ന് വൈകിട്ട് ആറുമണിയോടെയാണ് പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 18ന് രാവിലെ മരിച്ചു.

മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരങ്ങൾ കൊല്ലം റൂറൽ പൊലീസ് മേധാവിക്കും, കൊട്ടാരക്ക ഡിവൈ.എസ്.പിക്കും പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം വഞ്ചിയൂർ കോടതി മജിസ്ട്രേറ്റ് മുമ്പാകെ അന്നമ്മ നൽകിയത് കൈയബദ്ധം എന്നായിരുന്നു. എന്നാൽ ആശുപത്രിയിൽ പരിചരിക്കാനെത്തിയ സഹോദരിമാരോട് ബിജു പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി.

സംഭവ ദിവസം അന്നമ്മയും ബിജുവും ഇവരുടെ മൂന്ന് വയസുള്ള ചെറുമകനും ബിജുവിന്റെ ഓട്ടോയിൽ കൊല്ലം ക്ഷേമനിധി ഓഫീസിൽ പോയിരുന്നു. മടങ്ങി വന്ന ശേഷം വൈകിട്ട് അഞ്ചരയോടെ മഴ ചാറി. തുടർന്ന് വീടിന്റെ ടെറസിൽ കിടന്ന തുണി എടുത്തുകൊണ്ടു വന്ന അന്നമ്മയുടെ കാലിൽ നിന്ന് ചവിട്ടുപടിയിൽ ചെളി പറ്റി. ഇതുമായി ബന്ധപ്പെട്ട് ബഹളമുണ്ടായി. എനിക്ക് നല്ല ക്ഷീണമുണ്ട്,​ ഞാൻ കുറച്ച് നേരം കിടന്നിട്ട് ചെളി കഴുകിക്കളയാമെന്ന് അന്നമ്മ പറഞ്ഞു. എന്നാൽ ഉടൻ ചെളി കഴുകിക്കളയണമെന്ന് പറഞ്ഞ് ബിജു ചെറുമകനെയും കൂട്ടി ഓട്ടോറിക്ഷയിൽ പുറത്ത് പോയി. തിരികെ പെട്രോളുമായി എത്തിയ ബിജു കിടപ്പ് മുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന അന്നമ്മയുടെ മെത്തയ്ക്ക് ചുറ്റും പെട്രോൾ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ബിജു സമ്മതിച്ചു.

പമ്പ് ജീവനക്കാരും സംഭവ ദിവസം ഇയാൾ കുപ്പിയിൽപെട്രോൾ വാങ്ങി പോയതായി പൊലീസിൽ മൊഴി നൽകി. ബിജുവിന്റെയും സാക്ഷികളുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് സംഭവം തെളിയിക്കാൻ ഇടയാക്കിയത്. കൊട്ടാരക്കര ഡിവൈ.എസ്.പി സുരേഷിന്റെ മേൽനോട്ടത്തിൽപൂയപ്പള്ളി എസ്.ഐ അഭിലാഷിന്റെ നേതത്വത്തിൽ എസ്.ഐ സജി ജോൺ, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ അനിൽ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here