സ്വര്‍ണം കടത്ത് കേസ്; യു.എ.ഇ. കോണ്‍സല്‍ ജനറലിനെയും അറ്റാഷെയേയും കസ്‌റ്റംസിനു ചോദ്യംചെയ്യാന്‍ കിട്ടില്ല

0

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലേക്കു നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ യു.എ.ഇ. കോണ്‍സല്‍ ജനറലിനെയും അറ്റാഷെയേയും കസ്‌റ്റംസിനു ചോദ്യംചെയ്യാന്‍ കിട്ടില്ല. ഇന്ത്യയിലെ കേസില്‍ പ്രതികളായ ഇരുവരെയും യു.എ.ഇ. സര്‍ക്കാര്‍ ജോലിയില്‍നിന്നു പുറത്താക്കിയെന്നും ഒരുവര്‍ഷം വീട്ടുതടങ്കലിലാക്കിയെന്നുമാണു വിദേശകാര്യമന്ത്രാലയത്തിനു ലഭിച്ച വിവരം. ഈവിവരം കസ്‌റ്റംസിനു കൈമാറി.
ഇരുവരെയും യു.എ.ഇതന്നെ ശിക്ഷിച്ചതോടെ ഇനി ഇന്ത്യയിലെത്തിച്ചോ അല്ലാതെയോ ചോദ്യംചെയ്യലിന്‌ അനുമതി ലഭിക്കില്ലെന്നാണു കസ്‌റ്റംസ്‌ വിലയിരുത്തല്‍. എംബസി മുഖേന ചോദ്യാവലി അയച്ച്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ കസ്‌റ്റംസ്‌ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചു.
നയതന്ത്ര ബാഗേജില്‍ പലതവണയായി കൊണ്ടുവന്ന സ്വര്‍ണം തമിഴ്‌നാട്ടിലെയും മംഗലാപുരത്തെയും ജൂവലറികളില്‍നിന്നു കണ്ടെടുത്തിരുന്നു. ഇതോടെയാണ്‌ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. കോണ്‍സല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍സാബി കോവിഡ്‌ വ്യാപനത്തിനു തൊട്ടുമുമ്പും കോണ്‍സല്‍ ജനറലിന്റെ ചുമതല വഹിച്ച അറ്റാഷെ റാഷിദ്‌ ഖമീസ്‌ അലി സ്വര്‍ണം പിടിച്ചതിനു പിന്നാലെയുമാണു സ്വദേശത്തേക്കു കടന്നത്‌.
2020 ജൂണ്‍ 30-നു തിരുവനന്തപുരത്തെത്തിയ ബാഗേജില്‍നിന്നാണു 14.5 കോടി രൂപയുടെ 30 കിലോയോളം സ്വര്‍ണം കസ്‌റ്റംസ്‌ പിടിച്ചത്‌. കേസില്‍ സ്വപ്‌ന സുരേഷ്‌, പി.എസ്‌. സരിത്ത്‌, സന്ദീപ്‌ നായര്‍, കെ.ടി. റമീസ്‌ എന്നിവരുള്‍പ്പെടെ 24 പ്രതികളാണുള്ളത്‌. യു.എ.ഇയില്‍നിന്നു 2020 നവംബര്‍ മുതല്‍ 21 തവണ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തി.
ഓരോതവണയും കോണ്‍സുലേറ്റ്‌ അധികൃതര്‍ക്ക്‌ 1500 ഡോളര്‍ വീതം പ്രതിഫലം നല്‍കിയെന്നാണു സ്വപ്‌നയുടെ മൊഴി.

രാഷ്‌ട്രീയ നേതാക്കള്‍ക്കും ആശ്വാസം

പ്രതികളുടെ മൊഴിയില്‍ രാഷ്‌ട്രീയനേതാക്കളെപ്പറ്റി പരാമര്‍ശമുണ്ടെങ്കിലും നടപടിയെടുക്കാന്‍ തക്ക തെളിവില്ലെന്നാണു കസ്‌റ്റംസിനു ലഭിച്ച നിയമോപദേശം. കോണ്‍സല്‍ ജനറലിനെയും അറ്റാഷെയേയും ചോദ്യംചെയ്യാന്‍ കഴിയാത്തതിനാലാണു കേസ്‌ രാഷ്‌ട്രീയക്കാരിലേക്ക്‌ എത്തിക്കാന്‍ കസ്‌റ്റംസിനു കഴിയാതിരുന്നത്‌. 14.5 കോടിയുടെ ഇടപാടിന്റെ പേരില്‍ യു.എ.ഇയുമായുള്ള സൗഹൃദം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരും താത്‌പര്യപ്പെട്ടില്ല. ഇതോടെ, കേന്ദ്രത്തിനു വീണ്ടും കത്തയയ്‌ക്കാനുള്ള ശ്രമം കസ്‌റ്റംസ്‌ ഉപേക്ഷിച്ചു.

ഫരീദിനെ കിട്ടാതെ എന്‍.ഐ.എയും

ദുബായില്‍നിന്നു സ്വര്‍ണം കയറ്റിവിട്ട കൊടുങ്ങല്ലൂര്‍ സ്വദേശി ഫൈസല്‍ ഫരീദിനെ തിരിച്ചെത്തിക്കുന്ന കാര്യത്തിലും നടപടിയായില്ല. പ്രധാനമായും എന്‍.ഐ.എ. കേസിലാണു ഫൈസലിനെ വിട്ടുകിട്ടേണ്ടത്‌. എന്നാല്‍, മറ്റൊരു കേസില്‍ ഇയാള്‍ ദുബായില്‍ ശിക്ഷ അനുഭവിക്കുകയാണെന്നാണ്‌ ഇന്ത്യന്‍ എംബസി വഴി ലഭിച്ച വിവരം. ശിക്ഷ പൂര്‍ത്തിയായശേഷമേ ഇയാളെ വിട്ടുകിട്ടാന്‍ വിദൂരസാധ്യതയെങ്കിലുമുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here