കെ.എസ്‌.ആര്‍.ടി.സിയിലെ ശമ്പളപ്രതിസന്ധിക്ക്‌ ഇന്നലത്തെ മന്ത്രിസഭായോഗത്തില്‍ താത്‌കാലികപരിഹാരമെങ്കിലും പ്രതീക്ഷിച്ച ജീവനക്കാര്‍ക്കു നിരാശ

0

തിരുവനന്തപുരം : കെ.എസ്‌.ആര്‍.ടി.സിയിലെ ശമ്പളപ്രതിസന്ധിക്ക്‌ ഇന്നലത്തെ മന്ത്രിസഭായോഗത്തില്‍ താത്‌കാലികപരിഹാരമെങ്കിലും പ്രതീക്ഷിച്ച ജീവനക്കാര്‍ക്കു നിരാശ.
വകുപ്പുമന്ത്രി ആന്റണി രാജു നേരത്തേ കൈയൊഴിഞ്ഞെങ്കിലും സി.ഐ.ടി.യു. നേതൃത്വം നല്‍കുന്ന കെ.എസ്‌.ആര്‍.ടി.ഇ.എ. ഉള്‍പ്പെടെ ഭരണപക്ഷ തൊഴിലാളി യൂണിയനുകള്‍ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, മന്ത്രിസഭയും കൈവിട്ടതോടെ കോര്‍പറേഷന്‍ കട്ടപ്പുറത്താകുന്ന അവസ്‌ഥയായി.
ശമ്പളം ലഭിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട്‌ എ.ഐ.ടി.യു.സി. മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നെങ്കിലും വിഷയം മന്ത്രിസഭ പരിഗണിച്ചില്ല. ഇതോടെ തൊഴിലാളി യൂണിയനുകള്‍ സംയുക്‌തസമരത്തിലേക്കു നീങ്ങുകയാണ്‌. ഇനിയും പ്രതിഷേധത്തില്‍നിന്നു മാറിനിന്നാല്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ സംഘടന വിടുമെന്ന ഭീതിയിലാണു സി.ഐ.ടി.യു. നേതൃത്വം. സി.പി.ഐ. അനുകൂലസംഘടനയായ എ.ഐ.ടി.യു.സി. ശക്‌തമായി സമരരംഗത്തുണ്ട്‌.
സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം നല്‍കിയാല്‍ ഈയാഴ്‌ച അവസാനം ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാര്‍. എന്നാല്‍, ഇക്കാര്യം മന്ത്രിസഭ പരിഗണിച്ചേയില്ല. ഇതോടെ, നിലവില്‍ അനുവദിച്ച 30 കോടി രൂപയ്‌ക്കപ്പുറം സഹായം സര്‍ക്കാരില്‍നിന്നു ലഭിക്കില്ലെന്നുറപ്പായി. സി.എം.ഡി: ബിജു പ്രഭാകര്‍ സ്‌ഥലത്തില്ലാത്തതിനാല്‍ ബദല്‍മാര്‍ഗം കണ്ടെത്താനാവാതെ മാനേജ്‌മെന്റും പ്രതിസന്ധിയിലാണ്‌. വായ്‌പയ്‌ക്കുള്ള നീക്കങ്ങള്‍ വിജയിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here