വൈദ്യനെ കൊലപ്പെടുത്തിയ കേസ്: കൂടുതൽപ്പേർ ഉൾപ്പെട്ടതായി സൂചന

0

നിലമ്പൂര്‍: നിലമ്പൂരിലെ കവര്‍ച്ചാ കേസിലെ പരാതിക്കാരന്‍ കൊലക്കേസിലെ പ്രധാന പ്രതിയായ സംഭവത്തില്‍ മുഴുവന്‍ പ്രതികയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. നിലമ്പൂര്‍ സ്വദേശിയും വയനാട്ടില്‍ വ്യവസായിയുമായ പ്രവാസി ഷൈബിന്‍ അഷ്റഫ് ആയിരുന്നു പരാതിക്കാരന്‍.

മൈസൂര്‍ സ്വദേശിയും പാരമ്പര്യ ചികിത്സാ വൈദ്യനുമായ ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം ഷൈബിന്‍, നിഷാദ്, ഷിബാബുദ്ദീന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ ഉടന്‍ തന്നെ പോലീസ് കോടതിയില്‍ നല്‍കുമെന്നാണ് വിവരം. അതേ സമയം കൊലക്കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സൂചനയുള്ളതായും വിവരമുണ്ട്.

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ തങ്ങളകത്ത് നൗഷാദ് (മോനു-41), ചേനക്കല്‍ ഷക്കീര്‍(41), കരിമ്പന്‍ തൊടി സൈറസ് മുഹമ്മദ്(35), കൂളിപിലാക്കല്‍ നിഷാദ്(33), കടുകത്തൊടി സലീം(36) എന്നിവര്‍ വീടുകയറി ആക്രമണവും മോഷണവും നടത്തിയെന്നു പറഞ്ഞ് കഴിഞ്ഞ ഏപ്രില്‍ 24ന് മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫ് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഈ സംഭവത്തില്‍ വീടു കയറി കവര്‍ച്ച നടത്തിയ കേസിലെ പ്രധാന പ്രതി നൗഷാദില്‍നിന്ന് പോലീസ് തെളിവെടുപ്പു നടത്തിയപ്പോഴാണ് കൊലക്കേസിലുള്ള ഷൈബിന്‍റെ പങ്ക് വ്യക്തമായത്. വീട് കൈയേറിയ സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചു പ്രതികള്‍ കഴിഞ്ഞ ഏപ്രില്‍ 29ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്‍പില്‍ എത്തി നൗഷാദിന്‍റെ നേതൃത്വത്തില്‍ പരാതിക്കാരനെതിരേ ഗുരുതര ആരോപണമുന്നയിച്ചു തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.

ഡിവൈഎസ്പി.മാരായ സാജു കെ. അബ്രഹാം, കെ.എം. ബിജു, നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണു, എസ്ഐ. മാരായ നവീന്‍ഷാജ്, എം. അസൈനാര്‍, എഎസ്ഐ. മാരായ റെനി ഫിലിപ്പ്, അനില്‍കുമാര്‍, എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here