കാലവര്‍ഷം കൂടി ശക്‌തമായാല്‍ വീണ്ടും പ്രളയത്തിന്‌ സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന്‌ ആശങ്ക

0

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ ഇടവം പിറന്നത്‌ ശക്‌തമായ മഴയുടെ അകമ്പടിയോടെ. കാലവര്‍ഷം കൂടി ശക്‌തമായാല്‍ വീണ്ടും പ്രളയത്തിന്‌ സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന്‌ ആശങ്ക. ഒരാഴ്‌ച മുന്‍പേ എത്തുമെന്നു പ്രതീക്ഷിക്കുന്ന കാലവര്‍ഷം നന്നായി പെയ്‌തിറങ്ങുമെന്നാണ്‌ മുന്നറിയിപ്പ്‌. തെക്കന്‍ ആന്‍ഡമാന്‍ കടലിലും നിക്കോബര്‍ ദ്വീപ്‌ സമൂഹങ്ങളിലും തെക്ക്‌ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം എത്തിക്കൊണ്ടിരിക്കുകയാണ്‌്. അറബിക്കടലിലെ ശക്‌തമായ കാറ്റാണ്‌ കാലവര്‍ഷത്തെ പതിവിലും നേരത്തെ കേരളത്തിലെത്തിക്കുക. ഈ ആഴ്‌ച അവസാനത്തോടെ കാലവര്‍ഷം അതിര്‍ത്തി കടക്കാനുള്ള സാധ്യതയുണ്ടെന്നാണ്‌ ഒരു വിഭാഗം കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞരുടെ നിരീക്ഷണം.
അങ്ങനെ വന്നാല്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടയില്‍ മണ്‍സൂണ്‍ ഏറ്റവും നേരത്തേ എത്തുന്നത്‌ ഇക്കുറിയാകും. സ്വകാര്യ കാലാവസ്‌ഥാ ഏജന്‍സി സ്‌കൈമെറ്റ്‌ 26 നും കാലാവസ്‌ഥാ വകുപ്പു 27 നും സംസ്‌ഥാനത്ത്‌ കാലവര്‍ഷം എത്തുമെന്നുമാണ്‌ പ്രവചിക്കുന്നത്‌. പതിവിലും കൂടുതല്‍ ലഭിച്ച വേനല്‍ മഴയും ഇപ്പോള്‍ പെയ്‌തുകൊണ്ടിരിക്കുന്ന അതിതീവ്രമഴയും ജലസംഭരണികളില്‍ വെള്ളത്തിന്റെ അളവ്‌ വര്‍ധിപ്പിച്ചിട്ടുണ്ട്‌.
ഒട്ടുമിക്ക ജലസംഭരണികളിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ജലനിരപ്പ്‌ കൂടുതലാണ്‌. കുസാറ്റിലെ ശാസ്‌ത്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്ന കൂമ്പാര മേഘങ്ങള്‍ക്ക്‌ അനുകൂല സാഹചര്യമാണ്‌ ഇപ്പോള്‍ പെയ്യുന്ന അതിതീവ്ര മഴ സൃഷ്‌ടിക്കുന്നത്‌. അങ്ങനെ വന്നാല്‍ അപ്രതീക്ഷിതമായുണ്ടാകുന്ന മേഘവിസ്‌ഫോടനം മിന്നല്‍ പ്രളയം സൃഷ്‌ടിക്കാം. ജലസംഭരണികളിലെ ജലനിരപ്പ്‌ ക്രമീകരിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്‌.
മുന്നറിയിപ്പുകളുടെ പശ്‌ചാത്തലത്തില്‍ പ്രളയത്തെ നേരിടാന്‍ യുദ്ധസമാനമായ ഒരുക്കങ്ങളാണ്‌ മന്ത്രി കെ.രാജന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നത്‌. ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നു മന്ത്രി പറഞ്ഞു. ഇക്കുറി ഉരുള്‍പൊട്ടലിനെക്കാള്‍ പേടിക്കേണ്ടത്‌ മലയിടിച്ചിലാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.
മലയോരമേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന്‌ നിര്‍ദേശമുണ്ട്‌. അടിയന്തര സാഹചര്യം നേരിടാന്‍ ജെ.സി.ബി., ബോട്ടുകള്‍ മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ തയാറാക്കാന്‍ പോലീസ്‌ സ്‌റ്റേഷനുകള്‍ക്ക്‌ സംസ്‌ഥാന പോലീസ്‌ മേധാവി അനില്‍ കാന്ത്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. സുരക്ഷാബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരദേശ പോലീസ്‌ സ്‌റ്റേഷനുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനു മുന്‍പ്‌ നേരത്തെ കാലവര്‍ഷം എത്തിയത്‌ 2009 ആണ്‌.
അന്ന്‌ മേയ്‌ 23ന്‌ കാലവര്‍ഷം കേരള തീരം തൊട്ടു. 2017 ല്‍ മേയ്‌ 30 നും 2018 ല്‍ മേയ്‌ 29 നും സംസ്‌ഥാനത്ത്‌ കാലവര്‍ഷം എത്തിയിട്ടുണ്ട്‌. ഈ മാസം 10നു ശേഷം 2.5 മില്ലീമീറ്ററില്‍അധികം മഴ തുടര്‍ച്ചയായ രണ്ടു ദിവസം കേരളത്തിലെ 14 പ്രധാന മാപിനികളില്‍ രേഖപ്പെടുത്തിയാല്‍ കാലവര്‍ഷത്തിന്റെ ആഗമനമായെന്നാണ്‌ ഐ.എം.ഡിയിലെ പ്രധാന മാനദണ്ഡം. സംസ്‌ഥാനത്തെ പ്രധാന മാപിനികളില്‍ ഇപ്പോള്‍ തന്നെ 2.5 മില്ലീമീറ്ററില്‍ കൂടുതല്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.
എന്നാല്‍ ഇപ്പോള്‍ പെയ്യുന്ന മഴയെ കാലവര്‍ഷമായി പരിഗണിക്കപ്പെടാനാകില്ലെന്നാണ്‌ കാലാവസ്‌ഥാ നിരീക്ഷകര്‍ പറയുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here